‘സത്യമെന്നും ജയിക്കും’; ഗാന്ധിജിക്കായി അമേരിക്കയില്‍നിന്നൊരു സ്നേഹഗീതം

കോട്ടയം: ‘ട്രൂത്ത് ആന്‍ഡ് ലവ് ഹാവ് ഓള്‍വേയ്സ് വണ്‍’ (സത്യത്തിനും സ്നേഹത്തിനുമാണ് എന്നും ജയം)...തന്‍െറ ഹൃദയത്തിലിരുന്ന് മഹാത്മാഗാന്ധിയാണ് ഈ വരികളെഴുതിയതെന്നുതന്നെയാണ് പ്രഫ. ജയിംസ് ബെഞ്ചമിന്‍ കിന്‍ചന്‍ ജൂനിയര്‍ വിശ്വസിക്കുന്നത്. താന്‍ അത്രമേല്‍ ആരാധിക്കുന്ന മഹാത്മാവിന് പ്രണാമവുമായി ഈ ഗാനം രചിച്ച് സംഗീതം നല്‍കിയാണ് ജയിംസ് കിന്‍ചന്‍െറ കേരള സന്ദര്‍ശനം. വേള്‍ഡ് മ്യൂസിക് ചേംബറിന്‍െറ മുന്‍ അധ്യക്ഷനും അമേരിക്കയിലെ വിസ്കോണ്‍സന്‍-പാര്‍ക്സൈഡ് യൂനിവേഴ്സിറ്റിയിലെ അധ്യാപകനുമായ കിന്‍ചനും സംഘവും എം.ജി. സര്‍വകലാശാല സംഘടിപ്പിക്കുന്ന ‘നാദം 2015’ല്‍ പങ്കെടുക്കാനാണ് എത്തിയത്. യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളടങ്ങിയ 16 അംഗ സംഘം അവതരിപ്പിച്ച ‘വോയ്സസ് ഓഫ് പാര്‍ക്സൈഡ്’ സംഗീതശില്‍പത്തില്‍ ഇന്ത്യന്‍ ചേരുവകള്‍ ഇനിയുമുണ്ട്. വിശ്വകവി ടാഗോറിനുള്ള സമര്‍പ്പണമായി ‘സ്ളീപ് ദാറ്റ് ഫിറ്റ്സ് ഓണ്‍ ബേബീസ് ഐസ്’, ‘വെന്‍ ഐ ബ്രിങ് യു കളേര്‍ഡ് ടോയ്സ്’ എന്നിവ. അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഗാന്ധിജിയുടെ ആശയങ്ങള്‍ ഇന്നും സ്വാധീനിക്കുന്നുണ്ടെന്ന് കിന്‍ചന്‍ വ്യക്തമാക്കി. ‘എന്നും പ്രസക്തിയുള്ള ആശയങ്ങളും ആദര്‍ശങ്ങളും അവതരിപ്പിച്ച ഗാന്ധിജി രാഷ്ട്രീയ നേതാവെന്നതിലുപരി ഞങ്ങള്‍ക്ക് ആത്മീയ നേതാവാണ്. അനീതിക്കും അടിച്ചമര്‍ത്തലിനുമെതിരെ അഹിംസ ആയുധമാക്കാമെന്ന് അദ്ദേഹത്തില്‍നിന്ന് ഉള്‍ക്കൊണ്ടതുകൊണ്ടാണ് ഒരിക്കല്‍ ബസില്‍ വെള്ളക്കാരന്‍ കയറിയാല്‍ എഴുന്നേറ്റ് സീറ്റ് നല്‍കേണ്ടിയിരുന്ന വിഭാഗത്തില്‍പെട്ടൊരാള്‍ ഇന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ആയത്’-കിന്‍ചന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. അഹിംസയുടെയും മാനവികതയുടെയും സന്ദേശംതന്നെയാണ് കിന്‍ചനും സംഘവും സംഗീതത്തിലൂടെ അവതരിപ്പിക്കുന്നതും. ജാതിയുടെയും വര്‍ണത്തിന്‍െറയും വര്‍ഗത്തിന്‍െറയും വിവേചനമില്ലാതെ സാഹോദര്യസന്ദേശം നല്‍കാന്‍ സംഗീതത്തിലൂടെ മാത്രമേ കഴിയൂവെന്ന് പാശ്ചാത്യ സംഗീതത്തിന്‍െറ പരിണാമ ദശകളുടെ ചരിത്രത്തെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള കിന്‍ചന്‍ പറയുന്നു. അദ്ദേഹം ആവിഷ്കരിച്ച സംഗീതശില്‍പം പ്രമേയമാക്കുന്നത് 21ാം നൂറ്റാണ്ട് വരെയുള്ള പാശ്ചാത്യ സംഗീതത്തിന്‍െറ വളര്‍ച്ചയാണ്. പാശ്ചാത്യ സംഗീതത്തിന് കാലവും ദേശങ്ങളും വരുത്തിയ മാറ്റങ്ങളിലൂടെയുള്ളൊരു യാത്ര. 16ാം നൂറ്റാണ്ടിലെ ഇറ്റാലിയന്‍ സംഗീതത്തില്‍ നിന്ന് തുടങ്ങി ജര്‍മനി, ബ്രിട്ടന്‍, ലാറ്റിനമേരിക്ക, അര്‍ജന്‍റീന എന്നിവിടങ്ങളിലെയെല്ലാം സംഗീത വൈവിധ്യം ഈ യാത്രയില്‍ കാണാം. ആഫ്രിക്കന്‍-അമേരിക്കന്‍ നാടോടിഗാനങ്ങളായ ‘സ്പിരിച്വല്‍സും’ സംഗീതശില്‍പത്തില്‍ ഇടംപിടിച്ചിരിക്കുന്നു. ‘അടിമത്തം നിലനിന്നിരുന്ന നൂറ്റാണ്ടുകളില്‍ പരുത്തിപ്പാടങ്ങളിലെയും ഖനികളിലെയും കഠിനാധ്വാനത്തിനിടയിലും സംഗീതത്തിലൂടെ ആനന്ദം കണ്ടത്തെിയ എന്‍െറ ആഫ്രോ-അമേരിക്കന്‍ പൂര്‍വികള്‍ക്കുള്ള സമര്‍പ്പണംകൂടിയാണ് ഇത്. 19ാം നൂറ്റാണ്ടിലെ സംഗീതജ്ഞരായ ഷുബെര്‍ട്ട്, ഷുമാന്‍, ബ്രാംസ് എന്നിവരുടെ സംഗീതത്തിനും പാടങ്ങളില്‍ പണിയെടുത്തിരുന്ന ആഫ്രിക്കന്‍ അടിമകളുടെ നാടോടിഗാനങ്ങള്‍ക്കുമെല്ലാം സമാനതകള്‍ ഉണ്ടായിരുന്നതായി കാണാം. 1890കളില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ ഗായകനും സംഗീതജ്ഞനുമായ ഹാരി താക്കര്‍ ബര്‍ലീയാണ് ‘സ്പിരിച്വല്‍സി’നെ വേദിയിലത്തെിക്കുന്നത്. 20ാം നൂറ്റാണ്ടിന്‍െറ ആദ്യപകുതിയില്‍ റോളണ്ട് ഹെയ്സ്, മരിയന്‍ ആന്‍ഡേഴ്സണ്‍, പോള്‍ റോബ്സണ്‍ തുടങ്ങിയവര്‍ക്കെല്ലാം സ്വീകാര്യത ലഭിച്ചതിന്‍െറ തുടക്കം അവിടെനിന്നാണ്. ഈ ചരിത്രം സംഗീതത്തിലൂടെ പുനരാവിഷ്കരിക്കാനാണ് എന്‍െറ ശ്രമം’- കിന്‍ചന്‍ പറഞ്ഞു. കിന്‍ചന്‍െറ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനമാണിത്. കോട്ടയത്തിന്‍െറ പൗരാണികതയും കുമരകത്തിന്‍െറ സൗന്ദര്യവും മലയാളികളുടെ ആതിഥ്യമര്യാദയുമെല്ലാം ഏറെ ഇഷ്ടപ്പെട്ട കിന്‍ചന് ടൂറിസം ദിനമാഘോഷിക്കുന്ന വേളയില്‍ കേരളത്തിലെ ഭരണാധികാരികളോട് ഒരഭ്യര്‍ഥനയുമുണ്ട് -‘ടൂറിസത്തില്‍നിന്നുള്ള വരുമാനം വിനോദസഞ്ചാര കേന്ദ്രങ്ങളിലെ പാവങ്ങളുടെ ഉന്നമനത്തിനായും വിനിയോഗിക്കണം’.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.