ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയയാള്‍ പിടിയില്‍

കോഴഞ്ചേരി: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍നിന്ന് പണം തട്ടിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല വള്ളംകുളം വിജയമന്ദിരത്തില്‍ ചന്ദ്രബാബുവിനെയാണ് (45) പൊലീസ് പിടികൂടിയത്. കഴിഞ്ഞ വര്‍ഷം തൃശൂരില്‍നിന്ന് ആറന്മുള പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ശനിയാഴ്ച പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രണ്ടു വര്‍ഷത്തോളം ഇലന്തൂരില്‍ ട്രാവല്‍ ഏജന്‍സി നടത്തിയ ഇയാള്‍ വിസ വാഗ്ദാനം നല്‍കി പണം തട്ടിയെടുത്തിരുന്നു. സൂര്യ എന്‍റര്‍പ്രൈസസ് എന്ന സ്ഥാപനത്തില്‍ സൂര്യകല എന്ന സഹായിയും കൂടെയുണ്ടായിരുന്നു. സൗദിയില്‍ വെല്‍ഡര്‍ ആയി ജോലി വാഗ്ദാനം ചെയ്ത് ചങ്ങനാശേരി മാടപ്പറമ്പില്‍ തൈപ്പറമ്പില്‍ രാജേഷ് രാജുവില്‍നിന്ന് 80,000 രൂപ വാങ്ങിയെങ്കിലും വിസ നല്‍കിയില്ല. പലതവണ ചന്ദ്രബാബുവിനെ സമീപിച്ചെങ്കിലും പണമോ വിസയോ ലഭിക്കാതെ വന്നതോടെ രാജേഷ് പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ ഇലന്തൂരിലെ സ്ഥാപനം നിര്‍ത്തി ചന്ദ്രബാബു സ്ഥലംവിട്ടു. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തൃശൂര്‍ പരുത്തിപ്പാറയിലുള്ള അപ്പാര്‍ട്ട്മെന്‍റില്‍നിന്ന് ആറന്മുള പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരൂവിലെ നഴ്സിങ് കോളജിന്‍െറ വ്യാജ സര്‍ട്ടിഫിക്കറ്റ് തയാറാക്കുന്ന ഉപകരണങ്ങള്‍, എട്ട് പാസ്പോര്‍ട്ടുകള്‍, വിവിധ സര്‍ട്ടിഫിക്കറ്റുകളുടെയും വിസകളുടെയും പകര്‍പ്പുകള്‍, ഉദ്യോഗാര്‍ഥികളുടെ ചിത്രങ്ങള്‍ എന്നിവയും ഇയാളില്‍നിന്ന് കണ്ടെടുത്തു. ലക്ഷക്കണക്കിന് തുക കൈപ്പറ്റി നഴ്സിങ് സര്‍ട്ടിഫിക്കറ്റുകള്‍ വില്‍പന നടത്തിയതായും പൊലീസ് കണ്ടത്തെിയിട്ടുണ്ട്. ഇതേക്കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചു. സര്‍ട്ടിഫിക്കറ്റ് വില്‍പനക്കായി വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ ഏജന്‍റുമാരെയും നിയമിച്ചിരുന്നു. ഒന്നിലധികം വിവാഹം കഴിച്ച ഇയാള്‍ വിവാഹത്തട്ടിപ്പിലും ഉള്‍പ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.