മഠങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ ആസൂത്രിതം –സീറോ മലബാര്‍ സഭ

കോട്ടയം: പാലായിലും സമീപത്തും ക്രൈസ്തവ മഠങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പിന്നില്‍ സംഘടിതവും ആസൂത്രിതവുമായ ശ്രമങ്ങളുണ്ടോയെന്ന് സംശയിക്കുന്നതായി സീറോ മലബാര്‍ സഭാ വക്താവ് ഫാ. ചന്ദ്രന്‍കുന്നേല്‍. പാലാ ലിസ്യൂ കാര്‍മല്‍ കോണ്‍വെന്‍റിലെ സിസ്റ്റര്‍ അമലയുടെ കൊലപാതകത്തിനുശേഷം സന്യസ്ത സമൂഹത്തിനുനേരെ കല്ളേറ് ഉള്‍പ്പെടെ ഭീതിവര്‍ധിപ്പിക്കുന്ന ആക്രമണങ്ങള്‍ നടക്കുന്നുണ്ട്. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാ രൂപതയുടെ കീഴിലും സമീപത്തുമായി 15ഓളം മഠങ്ങളിലാണ് ചെറുതും വലുതുമായ ആക്രമണമുണ്ടായത്. കൊലപാതകംവരെ നടന്ന സാഹചര്യത്തിലാണ് പലരും ഇക്കാര്യം പുറത്തുപറഞ്ഞത്. സ്ത്രീയെന്ന ബഹുമാനംപോലും കാണിക്കാതെ യാത്രാവേളയില്‍ കന്യാസ്ത്രീയോട് അപമര്യാദയായി പെരുമാറുന്നുണ്ട്. പാലായില്‍ ബാല, വൃദ്ധസദനങ്ങളിലായി 3500ലധികം അന്തേവാസികളെ പരിചരിക്കുന്ന 3000ലധികം കന്യാസ്ത്രീകളാണ് വിവിധമഠങ്ങളില്‍ കഴിയുന്നത്. ഇതിനൊപ്പം മഠത്തിന്‍െറ നിയന്ത്രണത്തിലുള്ള വിവിധ ഹോസ്റ്റലുകളില്‍ താമസിച്ച് പഠിക്കുന്ന നൂറുകണക്കിന് വിദ്യാര്‍ഥികളുമുണ്ട്. ലിസ്യൂ മഠത്തിലെ കാര്യങ്ങള്‍ കൃത്യമായി അറിയാവുന്നയാളാണ് കൊലപാതകത്തിന് പിന്നില്ളെന്ന് പൊലീസ് സംശയിക്കുന്നതിന് ചില യുക്തിയുണ്ട്. പല തട്ടുകളായി കിടക്കുന്ന മഠത്തിന്‍െറ ബലവത്തായ കെട്ടിടം മറികടന്ന് അകത്തുകയറാനും പുറത്തിറങ്ങാനും പ്രയാസമാണ്. ആശുപത്രി നടത്തുന്ന മഠത്തില്‍ മരണാസന്നരായ വൃദ്ധരും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരും താമസിക്കുന്നുണ്ട്. അത്തരക്കാരെ ശുശ്രൂഷിക്കാനും ജോലിയാവശ്യാര്‍ഥവും രാത്രിയില്‍ പുറത്തുപോകേണ്ട സാഹചരവുമുണ്ട്. പൊലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് എല്ലാ സുരക്ഷാ ക്രമീകരണവും ഒരുക്കാന്‍ സന്യാസി സമൂഹത്തിന് നിര്‍ദേശം നല്‍കി. കന്യാസ്ത്രീകള്‍ക്ക് ഭയംകൂടാതെ സേവനം ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് പറഞ്ഞിട്ടുണ്ട്. നിലവിലെ അന്വേഷണത്തില്‍ വീഴ്ചയുണ്ടാവില്ളെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.