അധ്യാപകരില്ല; വിദ്യാര്‍ഥികളും രക്ഷിതാക്കളും ദേശീയ പാത ഉപരോധിച്ചു

പീരുമേട്: പാമ്പനാര്‍ സര്‍ക്കാര്‍ ഹൈസ്കൂളില്‍ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളും പി.ടി.എ ഭാരവാഹികളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമടങ്ങുന്ന നാട്ടുകാരുടെ നേതൃത്വത്തില്‍ ദേശീയപാത 183 ഉപരോധിച്ചു. പാമ്പനാര്‍ ടൗണില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടുവരെ നടന്ന സമരത്തില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു. ഉച്ചക്ക് ഒന്നോടെ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഷ് മാത്യു എത്തി സമരക്കാരുമായി ചര്‍ച്ച നടത്തി. ഒരാഴ്ചക്കുള്ളില്‍ അധ്യാപകരെ നിയമിക്കാമെന്ന് ഉറപ്പ് നല്‍കിയതിന് ശേഷമാണ് സമരം അവസാനിപ്പിച്ചത്. ഹൈസ്കൂള്‍ വിഭാഗത്തിലെ തമിഴ് മീഡിയത്തില്‍ ഹിന്ദി പഠിപ്പിക്കാന്‍ മാത്രമാണ് അധ്യാപകന്‍ ഉള്ളത്. അഞ്ച് അധ്യാപകരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ദിനേന സ്കൂളിലത്തെുന്ന വിദ്യാര്‍ഥികള്‍ ക്ളാസില്‍ വെറുതെയിരുന്ന് സമയം പാഴാക്കുകയാണ്. ഇതേ തുടര്‍ന്നാണ് രക്ഷിതാക്കള്‍ സമരവുമായി രംഗത്തത്തെിയത്. കഴിഞ്ഞ വര്‍ഷം താല്‍ക്കാലിക അധ്യാപകരെ നിയമിച്ചാണ് അധ്യയനം നടത്തിയിരുന്നത്. ശമ്പളം ലഭിക്കാത്തതിനാല്‍ ഇവര്‍ ജോലി ഉപേക്ഷിച്ച് പോകുകയായിരുന്നു. ഈ വര്‍ഷം തുടങ്ങി ഓണപ്പരീക്ഷ കഴിഞ്ഞിട്ടും അധ്യാപകരെ നിയമിക്കാത്തതിനാല്‍ ഹിന്ദി ഒഴിച്ചുള്ള വിഷയങ്ങളില്‍ അധ്യയനം നടന്നിരുന്നില്ല. തോട്ടം തൊഴിലാളികളുടെയും പിന്നാക്ക വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരുടെയും കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത്. കഴിഞ്ഞ ജൂലൈയില്‍ സ്കൂള്‍ ഗേറ്റ് അടച്ചിട്ടും സമരം നടത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരത്തെി അധ്യാപകരെ നിയമിക്കുന്നതിനുള്ള ഉത്തരവ് നല്‍കിയാല്‍ മാത്രമേ ഉപരോധം പിന്‍വലിക്കുകയുള്ളൂ എന്ന നിലപാടില്‍ പ്രതിഷേധക്കാര്‍ ഉറച്ചുനിന്നു. വകുപ്പ് മന്ത്രി, ജില്ലാ കലക്ടര്‍ എന്നിവരെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് ഡെപ്യൂട്ടി ഡയറക്ടര്‍ പാമ്പനാറ്റിലത്തെി പീരുമേട് തഹസില്‍ദാര്‍ രമേശ്കുമാര്‍, കുമളി സി.ഐ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയത്. അധ്യാപകരെ നിയമിക്കാനും കഴിഞ്ഞ വര്‍ഷം താല്‍ക്കാലിക ജോലി ചെയ്ത അധ്യാപകര്‍ക്ക് ശമ്പളം നല്‍കാനും തീരുമാനിച്ചു. വിദ്യാര്‍ഥികള്‍ക്കും പി.ടി.എ ഭാരവാഹികള്‍ക്കുമൊപ്പം വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍, ഓട്ടോ-ടാക്സി ഡ്രൈവര്‍മാര്‍ എന്നിവരും അണിനിരന്നതോടെ ജനകീയ സമരമായി മാറുകയായിരുന്നു. ആര്‍. വിനോദ്, സി.ആര്‍. സോമന്‍, സ്റ്റാന്‍ലി, സുരേഷ്, മനോഹരന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.