വികലാംഗന്‍ ഉള്‍പ്പെടെ രണ്ടുപേരെ തെരുവുനായ ആക്രമിച്ചു

പീരുമേട്: തെരുവുനായ ആക്രമണത്തില്‍ അംഗപരിമിതന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്. നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. അംഗപരിമിതനായ തമിഴ്നാട് സ്വദേശി ഉദയന്‍, പാമ്പനാര്‍ സ്വദേശി എന്നിവര്‍ക്കാണ് കടിയേറ്റത്. പാമ്പനാര്‍ സ്വദേശിയെ ബുധനാഴ്ച രാത്രിയിലും ഒരു കാല്‍ മാത്രമുള്ള യാചകനായ ഉദയനെ വ്യാഴാഴ്ച രാവിലെ പത്തിനുമാണ് നായ ആക്രമിച്ചത്. കടിക്കുന്നതിനിടെ കൈയിലിരുന്ന വടി ഉപയോഗിച്ച് ഉദയന്‍ നായയെ തുരത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിനുശേഷം താലൂക്ക് ആശുപത്രിയിലത്തെിയ നായ അത്യാഹിത വിഭാഗത്തില്‍ കിടന്ന വീല്‍ചെയറുകളിലും കടിച്ചു. ആശുപത്രി പരിസരത്തുനിന്ന സ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ ബാഗ്, കുട എന്നിവ ഉപയോഗിച്ച് തടഞ്ഞപ്പോള്‍ ബാഗും കുടയും കടിച്ച് നശിപ്പിച്ചു. പിന്നീട് ടൗണില്‍ എത്തിയ നായ ഇരുചക്രവാഹനക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയും നിര്‍ത്തിയിട്ട നിരവധി കാറുകളുടെ ടയറുകളില്‍ കടിക്കുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ റോഡില്‍നിന്ന സ്ത്രീകളെയും കുട്ടികളെയും സുരക്ഷിത സ്ഥലങ്ങളിലേക്കും കടകള്‍ക്കുള്ളിലേക്കും മാറ്റി. ജനത്തിരക്കില്ലാത്ത സ്ഥലത്തത്തെിയപ്പോള്‍ നാട്ടുകാര്‍ എറിഞ്ഞും അടിച്ചും കൊല്ലുകയായിരുന്നു. പേപ്പട്ടി ടൗണില്‍ അലയുന്നത് ഗ്രാമപഞ്ചായത്ത് ഓഫിസില്‍ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ളെന്ന് നാട്ടുകാര്‍ പറയുന്നു. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.