കോട്ടയം: താഴത്തങ്ങാടി ജലോത്സവത്തില്‍ കുമരകം ടൗണ്‍ ബോട്ട് ക്ളബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ ജേതാക്കളായി. ഫൈനലില്‍ ജവഹര്‍ തായങ്കരി ഫിനിഷിങ് ലൈന്‍ കടക്കാത്തതിനാല്‍ അവരെ അയോഗ്യരാക്കി. സജിത് കരുനാഗള്ളിയാണ് കാരിച്ചാലിന്‍െറ ക്യാപ്റ്റന്‍. ട്രാക്ക് മാറിയതിനെതുടര്‍ന്ന് വിജയിച്ചാലും അയോഗ്യത കല്‍പ്പിക്കപ്പെടുമെന്നുറപ്പായതോടെ തിരുവാര്‍പ്പ് വില്ളേജ് സ്പോര്‍ട്സ് ക്ളബ് തുഴഞ്ഞ ജവഹര്‍ തായങ്കരി പകുതിയിലധികം ദൂരം എത്തിച്ചശേഷം മടങ്ങുകയായിരുന്നു. ഇതോടെ ഫൈനലിന്‍െറ ശോഭ കെട്ടു. ഇവര്‍ക്കുള്ള ബോണസ് റദ്ദാക്കിയതായും സംഘാടകര്‍ അറിയിച്ചു. ജവഹര്‍ തായങ്കരി താഴത്തങ്ങാടി പാലത്തിന് മുമ്പായി ട്രാക്ക് തെറ്റി കാരിച്ചാല്‍ ചുണ്ടനോട് ചേരുകയായിരുന്നു. ഇതോടെ വേഗം കുറയുകയും തായങ്കരിക്കാര്‍ തുഴച്ചില്‍ നിര്‍ത്തുകയും ചെയ്തു. ആര്‍ക്കും രണ്ടാം സ്ഥാനമില്ല. ഫോട്ടോ ഫിനിഷിലേക്ക് നീണ്ട മത്സരത്തില്‍ ശ്രീഗണേശനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി നടുഭാഗം ചുണ്ടന്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി. രണ്ടാം സ്ഥാനക്കാരെ അയോഗ്യരാക്കിയതിനാല്‍ തങ്ങള്‍ക്ക് രണ്ടാം സ്ഥാനം വേണമെന്ന് നടുഭാഗം ചുണ്ടന്‍ ആവശ്യപ്പെട്ടത് നേരിയ പ്രശ്നങ്ങള്‍ക്കിടയാക്കി. വെപ്പ് രണ്ടാം ഗ്രേഡില്‍ കാരാപ്പുഴ ബോട്ട് ക്ളബ് തുഴഞ്ഞ പുന്നത്രപുരയ്ക്കല്‍ ഒന്നാമതത്തെി. കുമരകം ബ്രദേഴ്സ് ബോട്ട് ക്ളബ് തുഴഞ്ഞ പനയിക്കഴിപ്പ് രണ്ടാം സ്ഥാനം നേടി. കാഞ്ഞിരം ബോട്ട് ക്ളബ്് തുഴഞ്ഞ എബ്രഹാം മൂന്നുതൈയ്ക്കലിനാണ് മൂന്നാം സ്ഥാനം. ഇരുട്ടുകുത്തി ഒന്നാംഗ്രേഡില്‍ പുതുപ്പള്ളി എറികാട് ബോട്ട് ക്ളബിന്‍െറ തുരുത്തിത്തറ ജേതാക്കളായി. കുമരകം ബോട്ട് ക്ളബിന്‍െറ പടക്കുതിര രണ്ടാം സ്ഥാനവും കുമരകം ഈസ്റ്റ് ബോട്ട് ക്ളബ് മാമൂടന്‍ മൂന്നാം സ്ഥാനവും നേടി. ഇരുട്ടുകുത്തി രണ്ടാം ഗ്രേഡില്‍ കൊച്ചി കണ്ണമാലി സെന്‍റ് ഫ്രാന്‍സിസ് ബോട്ട് ക്ളബിന്‍െറ സെന്‍റ് ജോസഫാണ് വിജയികള്‍. ശരികല ബാബുവെന്ന വനിത ക്യാപ്റ്റന്‍ നയിച്ച ഡാനിയേല്‍ രണ്ടാം സ്ഥാനവും കാശിനാഥന്‍ മൂന്നാം സ്ഥാനവും നേടി. ഫോട്ടോഫിനിഷിങ്ങിലേക്ക് നീങ്ങിയ ചുരുളന്‍ ഫൈനലില്‍ ഒളശ്ശ ഫ്രണ്ട്സ് ബോട്ട് ക്ളബ് തുഴഞ്ഞ വേലങ്ങാടന്‍ ജേതാക്കളായി. വരമ്പിനകം ഫ്രണ്ട്സ് ബോട്ട് ക്ളബിന്‍െറ കോടിമത രണ്ടാം സ്ഥാനവും സ്വന്തമാക്കി. വെപ്പ് ഒന്നാം ഗ്രേഡില്‍ പരിപ്പുകാര്‍ തുഴഞ്ഞ അമ്പലക്കടവന്‍ വിജയികളായി. കോട്ടപ്പറമ്പനാണ് രണ്ടാം സ്ഥാനം. മീനച്ചിലാറില്‍ താഴത്തടി നെട്ടായത്തില്‍ കോട്ടയം വെസ്റ്റ് ക്ളബ് സംഘടിപ്പിച്ച മത്സരവള്ളംകളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കളിവള്ളങ്ങളുടെ മാസ് ഡ്രില്ലിനും ഘോഷയാത്രക്കും ശേഷമായിരുന്നു മത്സരം. കോട്ടയം ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ സമ്മാനദാനം നിര്‍വഹിച്ചു. മീനച്ചിലാറിന്‍െറ തീരങ്ങളിലിരുവശത്തുമായി ആവേശം വിതറി നൂറുകണക്കിന് പേരാണ് മത്സരം കാണാന്‍ തടിച്ചുകൂടിയത്. ആറ് ചുണ്ടന്‍ വള്ളങ്ങളാണ് ജലോത്സവത്തില്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.