ശബരി റെയില്‍ പ്രക്ഷോഭം: പ്രത്യേക യോഗം തൊടുപുഴയില്‍

തൊടുപുഴ: ശബരി റെയില്‍ പാത യാഥാര്‍ഥ്യമാക്കാന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടുത്തുന്നതിന് ശബരി റെയില്‍ ആക്ഷന്‍ കൗണ്‍സിലിന്‍െറ പ്രത്യേകയോഗം തൊടുപുഴയില്‍ ചേരും. അഞ്ചിന് വൈകീട്ട് മൂന്നിന് പി.ഡബ്ള്യു.ഡി റെസ്റ്റ് ഹൗസില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പിയുടെ അധ്യക്ഷതയിലാണ് യോഗം. രക്ഷാധികാരി മാരിയില്‍ കൃഷ്ണന്‍ നായര്‍ വിഷയാവതരണം നടത്തും. ശബരി റെയില്‍വേയില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് എം.പിയുടെ നേതൃത്വത്തില്‍ സമരസമിതി നേതാക്കള്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെ കണ്ടിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്താല്‍ കേന്ദ്ര വിഹിതം വര്‍ധിപ്പിക്കാമെന്നും ഇക്കാര്യം വ്യക്തമാക്കി കേരള മുഖ്യമന്ത്രിക്ക് റെയില്‍വേ മന്ത്രാലയം കത്ത് നല്‍കാമെന്നും മന്ത്രി ഉറപ്പുനല്‍കിയിരുന്നു. തുടര്‍ന്ന് സമരസമിതി ഭാരവാഹികള്‍ മുഖ്യമന്ത്രിയെ കണ്ടു. ശബരി റെയില്‍ സാധ്യത പരിഗണിക്കാമെന്നും അടിയന്തരമായി പ്രത്യേക സര്‍വകക്ഷിയോഗം വിളിക്കാമെന്നും മുഖ്യമന്ത്രി സമരസമിതി നേതാക്കളെയും അറിയിച്ചു. കേന്ദ്രം കൂടുതല്‍ തുക മുടക്കാന്‍ തയാറാണെന്ന് അറിയിച്ചതോടെ ശബരി റെയില്‍വേക്ക് വീണ്ടും പ്രതീക്ഷ ഉയരുകയാണ്. ഈ സാഹചര്യത്തിലാണ് വിപുലമായ ആലോചനായോഗം വിളിച്ചതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ അഡ്വ. സി.കെ. വിദ്യാസാഗര്‍, അഡ്വ. ഇ.എ. റഹീം എന്നിവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.