24 മണിക്കൂറില്‍ രണ്ട് ബൈക്കപകടം; പൊലിഞ്ഞത് രണ്ട് ജീവന്‍

കോട്ടയം: 24 മണിക്കൂറിനുള്ളില്‍ കോട്ടയം നഗരപ്രദേശത്ത് രണ്ടിടത്തുനടന്ന ബൈക്കപകടത്തില്‍ പൊലിഞ്ഞത് രണ്ടുയുവാക്കളുടെ ജീവന്‍. യുവാക്കളുടെ ഹരമായി മാറിയ ഉയര്‍ന്ന കുതിരശക്തിയുള്ള ന്യൂജനറേഷന്‍ വിഭാഗത്തില്‍പ്പെട്ട ബൈക്കുകളാണ് രണ്ട് അപകടങ്ങളിലും പെട്ടത്. ചൊവ്വാഴ്ച വൈകീട്ട് ചാലുകുന്ന്-മെഡിക്കല്‍ കോളജ് റോഡില്‍ അമ്പാടി കവലയില്‍ ബൈക്ക് മിനി ലോറിയുമായി കൂട്ടിയിടിച്ച് മൂത്തൂറ്റ് ഗ്രൂപ് എറണാകുളം ബ്രാഞ്ച് അസി. മാനേജര്‍ കടപ്പൂര് ചാമന്താനത്ത് രഞ്ജിത്ത് ജി. നായര്‍ (33) മരിച്ചതിന്‍െറ നടുക്കം മാറുംമുമ്പാണ് കോടിമതയിലെ ബൈക്കപകടം. ഇടിയുടെ ആഘാതത്തില്‍ ലോറിയുടെ അടിയിലേക്കുവീണ രഞ്ജിത്തിന്‍െറ തലയിലൂടെ പിന്‍ചക്രം കയറിയാണ് മരണം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് റോഡിലേക്ക് തെറിച്ചുവീണതിനാല്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോട്ടയത്തുനിന്ന് എത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ട് പുറത്തെടുത്ത് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രഞ്ജിത്തിനെ രക്ഷിക്കാനായില്ല. തൊഴിലാളി പണിമുടക്കായതിനാല്‍ പൊതുവേ വാഹനങ്ങള്‍ കുറഞ്ഞ ദിനത്തിലാണ് കോടിമതയില്‍ അപകടത്തില്‍ ബൈക്ക് യാത്രികനായ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി മുപ്പായിക്കാട് സാവിത്രിസദനത്തില്‍ സചിന്‍ (19) മരിച്ചത്. പയ്യപ്പാടി ജി-സാറ്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബൈക്ക് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബൈക്കിന് പിന്‍സീറ്റിലിരുന്ന സചിന്‍ തല്‍ക്ഷണം മരിച്ചു. ബൈക്ക് ഓടിച്ച കുമ്മനം സ്വദേശി ഹാഷിമിനെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടുത്തിടെ നടന്ന ഭൂരിഭാഗം ബൈക്കപകടങ്ങളിലുംപെടുന്നത് എന്‍ജിനീയറിങ് വിദ്യാര്‍ഥികളാണെന്ന് പൊലീസും പറയുന്നു. ഒരുലക്ഷം മുതല്‍ രണ്ടുലക്ഷം വരെ വിലയുള്ള മുന്തിയ ഇനം ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടതിലേറെയും. തകര്‍ന്ന റോഡുകളും വളവുകളും വാഹനപ്പെരുപ്പവും ബൈക്കപകടങ്ങളുടെ നിരക്ക് ഉയര്‍ത്തുന്നതായാണ് കണക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.