നഗരത്തിലെ ഗതാഗത തടസ്സം സൃഷ്ടിക്കുന്ന റിലയന്‍സ് പോസ്റ്റുകള്‍ നീക്കും

കോട്ടയം: ഗതാഗത തടസ്സം സൃഷ്ടിക്കുന്ന തരത്തില്‍ നഗരത്തിലെ റോഡരികില്‍ സ്ഥാപിച്ചിരിക്കുന്ന റിലയന്‍സിന്‍െറ പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ കോട്ടയം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. കൗണ്‍സിലര്‍ എം.പി. സന്തോഷ് കുമാറാണ് വിഷയം അവതരിപ്പിച്ചത്. തിരുനക്കരയിലും സമീപത്തും മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് പോസ്റ്റുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഫുട്പാത്തില്‍ വരെ പോസ്റ്റ് ഇട്ടിരിക്കുകയാണ്. ജോലിക്കാരായ ഇതരസംസ്ഥാനതൊഴിലാളികള്‍ തോന്നുന്ന സ്ഥലങ്ങളില്‍ പോസ്റ്റുകള്‍ നാട്ടുകയാണ്. കോടിമത നാലുവരി പാതയുടെ മധ്യത്തില്‍ നഗരസഭ സൗന്ദര്യവത്കരണം നടത്തുന്ന സ്ഥലത്ത് വരെ പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അദേഹം ചൂണ്ടിക്കാട്ടി. ഇത് ഗൗരവമായി കാണുമെന്ന് വ്യക്തമാക്കിയ ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍ പോസ്റ്റുകള്‍ നീക്കംചെയ്യാന്‍ നഗരസഭ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. നഗരത്തില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ കരാറുകാര്‍ വന്‍ തട്ടിപ്പ് നടത്തുന്നതായി സെബാസ്റ്റ്യന്‍ വാളാംപറമ്പില്‍ ആരോപിച്ചു. നിലവിലുള്ള 1200 രൂപയോളം വിലവരുന്ന ലൈറ്റുകള്‍ ഊരിമാറ്റി പകരം 100 രൂപ മാത്രം വിലയുള്ള സി.എഫ്.എല്‍ ലൈറ്റുകള്‍ സ്ഥാപിക്കുകയാണ്. ഊരിമാറ്റുന്ന ഇത്തരം ലൈറ്റുകള്‍ കരാറുകാരന്‍ വില്‍ക്കുകയാണ്. ഇതിന് ഭരണസമിതിയിലെ ചിലരുടെ സഹായമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലൈറ്റുകള്‍ സ്ഥാപിക്കുന്നതില്‍ കരാറുകാര്‍ കള്ളക്കളി നടത്തുന്നതായി ബി. ഗോപകുമാറും പറഞ്ഞു. ഇലക്ട്രിക്കല്‍ കടക്കാരുമായി ചേര്‍ന്ന് ഊരിമാറ്റുന്ന ലെറ്റുകള്‍ വില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇത് പരിശോധിക്കാന്‍ ചെയര്‍മാന്‍ നിര്‍ദേശം നല്‍കി. ഗുണഭോക്തൃ പട്ടികയില്‍ തിരിമറി നടത്തി വാര്‍ഡിന് പുറത്തുനിന്നുള്ളയാള്‍ക്ക് ഭരണനിര്‍മാണ പദ്ധതിയുടെ ആനുകൂല്യം നല്‍കിയതായും താന്‍ ഇക്കാര്യം അറിഞ്ഞില്ളെന്നും കൗണ്‍സിലര്‍ ഉഷ സുരേഷ് പരാതിപ്പെടുന്നു. തിരുത്തല്‍ വരുത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടും. പരാതി സെക്രട്ടറി പരിശോധിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. കോടിമത പച്ചക്കറി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി തുടങ്ങിയതായും കെ.ആര്‍.ജി. വാര്യര്‍ വ്യക്തമാക്കി. നഗരസഭയുടെ റോഡുകള്‍ അനുമതി കൂടാതെ വെട്ടിപ്പൊളിക്കുന്നതിനെതിരെ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. വാട്ടര്‍ അതോറിറ്റി വെട്ടിപ്പൊളിക്കുന്ന റോഡുകളൊന്നും മൂടാന്‍ പോലും അവര്‍ തയാറാവുന്നില്ളെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു. വിവിധ വകുപ്പുകളുടെ യോഗം വിളിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ചെയര്‍മാന്‍ കെ.ആര്‍.ജി. വാര്യര്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.