മയക്കുമരുന്നുമായി യുവാക്കള്‍ ഷാഡോ പൊലീസ് പിടിയില്‍

ചങ്ങനാശേരി: മയക്കുമരുന്നുമായി യുവാക്കള്‍ ഷാഡോ പൊലീസ് പിടിയില്‍. വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിപണനം നടത്തിവന്നിരുന്ന പെരുന്ന നെല്ലിമല പുതുപ്പറമ്പില്‍ ഹര്‍ഷാദ് (22), ഏറ്റുമാനൂര്‍ കാണക്കാരി ഇടപ്പള്ളിമലയില്‍ അജേഷ് (28) എന്നിവരെയാണ് ചങ്ങനാശേരി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലാകുമ്പോള്‍ 18 കുപ്പി മയക്കുമരുന്നുകളും 6000ത്തോളം രൂപയും ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് 80 രൂപക്ക് വാങ്ങി നാട്ടില്‍ 500 മുതല്‍ 600 രൂപ വരെ വിലയ്ക്കാണ് വിറ്റഴിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. ഹര്‍ഷാദ് തിരുവല്ല സ്വദേശിയായ റാഫിയുമായി ചേര്‍ന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ മയക്കുമരുന്ന് കച്ചവടം ചെയ്തുവരികയാണ്. ചങ്ങനാശേരി ഡിവൈ.എസ്.പി കെ.ശ്രീകുമാറിനു രഹസ്യസന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ബൈപാസില്‍ എസ്.എച്ച് ജങ്ഷന് സമീപത്തുനിന്ന് പൊലീസ് തിങ്കളാഴ്ച രാവിലെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യംചെയ്യലില്‍ തിരുവല്ല സ്വദേശി റാഫിയുമായി ചേര്‍ന്ന് ഡല്‍ഹിയില്‍നിന്ന് മയക്കുമരുന്നുകള്‍ വാങ്ങി തിരുവല്ലയില്‍ എത്തിക്കുകയായിരുന്നെന്നും പിന്നീട് ഇവിടെ നിന്ന് സാധനങ്ങള്‍ വീതം ചെയ്ത് വില്‍പന നടത്തിവരികയായിരുന്നുവെന്നും പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രണ്ട് ആഴ്ചക്ക് മുമ്പ് ഹര്‍ഷാദ് ഡല്‍ഹിയില്‍ പോയി വാങ്ങിക്കൊണ്ടുവന്നതിന്‍െറ ബാക്കിയാണ് ഇവരുടെ പക്കല്‍നിന്ന് കണ്ടെടുത്തത്. തിരുവല്ല പൊലീസ് സഹായത്തോടെ റാഫിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലും മയക്കുമരുന്നുകള്‍ കണ്ടെടുത്തിട്ടുണ്ട്. ചങ്ങനാശേരി സി.ഐ വി.ഐ. നിഷാദ്മോന്‍, എസ്.ഐ ജെര്‍ലിന്‍ വി. സ്കറിയ, ട്രാഫിക് എസ്.ഐ രാജഗോപാല്‍, ഷാഡോ പൊലീസിലെ അസി. സബ് ഇന്‍സ്പെക്ടര്‍മാരായ കെ.കെ. റെജി, ടി.എന്‍. ശ്രീകുമാര്‍, സിബിച്ചന്‍ ജോസഫ്, ടി.വി. പ്രകാശ്, ജൂനിയര്‍ എസ്.ഐ അജീഷ്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.