കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സംസ്ഥാന ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ അതീവ രഹസ്യമായി സന്ദര്‍ശനം നടത്തി. അണക്കെട്ടിന് ഭീഷണിയുണ്ടെന്ന തമിഴ്നാട് വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം. ഇന്‍റലിജന്‍സ് എസ്.പി ജയിംസ് ജോസഫ്, ഡിവൈ.എസ്.പി സാബു മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് മുന്നറിയിപ്പില്ലാതെ സന്ദര്‍ശനം നടത്തിയത്. അണക്കെട്ടിന് തീവ്രവാദ സംഘടനകളുടെ ഭീഷണിയുണ്ടെന്നും സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര സേനയെ വേണമെന്നുമായിരുന്നു തമിഴ്നാട് കോടതിയില്‍ ആവശ്യപ്പെട്ടത്. ഇതിനെതുടര്‍ന്ന് അണക്കെട്ടിന്‍െറ സുരക്ഷ ശക്തമാക്കാനും ഒരു ഡിവൈ.എസ്.പിയുടെ മേല്‍നോട്ടത്തില്‍ സുരക്ഷാ ചുമതലക്കായി 196 അംഗ യൂനിറ്റിനെ അനുവദിക്കാനും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യം കൂടി വിലയിരുത്താനാണ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ അണക്കെട്ട് സന്ദര്‍ശിച്ചതെന്നാണ് വിവരം. തേക്കടിയില്‍നിന്ന് പൊലീസിന്‍െറ സ്പീഡ് ബോട്ടിലാണ് ഉദ്യോഗസ്ഥര്‍ അണക്കെട്ടിലേക്ക് പോയത്. നിലവില്‍ രണ്ട് എസ്.ഐമാരുടെ നേതൃത്വത്തില്‍ 22 അംഗങ്ങളാണ് അണക്കെട്ടിന്‍െറ സുരക്ഷാ ചുമതലയിലുള്ളത്. തേക്കടിയില്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പുതിയ സബ്ഡിവിഷന്‍ ഓഫിസ് സൗകര്യങ്ങളുമാണ് പൊലീസിനായി ഉണ്ടാവേണ്ടത്. വനംവകുപ്പ് കെട്ടിടം വിട്ടുനല്‍കിയാല്‍ മാത്രമെ പൊലീസിന് സൗകര്യം ഒരുക്കാനാകൂ. ഇതിന് തടസ്സമുണ്ടായാല്‍ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് വക കെട്ടിടങ്ങളും സൗകര്യവും പൊലീസിന് നല്‍കേണ്ടിവരും. 200ഓളം വരുന്ന സേനാംഗങ്ങളുടെ താമസവും ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. തേക്കടിയില്‍ തുറക്കുന്ന ഓഫിസില്‍നിന്ന് അണക്കെട്ടിലേക്ക് ദിവസവും പോയിവരാന്‍ കൂടുതല്‍ ബോട്ട് സൗകര്യവും ഉണ്ടാകണം. തടാകത്തില്‍ പുതിയ ബോട്ട് ഉള്‍പ്പെടെ വിവിധ കാര്യങ്ങളില്‍ വനംവകുപ്പിന്‍െറ നിലപാട് പൊലീസിന്‍െറ നീക്കങ്ങളില്‍ നിര്‍ണായകമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.