അധ്യക്ഷപദവി വനിതക്ക്; കൊട്ടാരക്കരയില്‍ സ്ഥാനമോഹികള്‍ പിന്‍വലിഞ്ഞു

കൊട്ടാരക്കര: നഗരസഭാ അധ്യക്ഷ സ്ഥാനം സ്ത്രീ സംവരണമായതോടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കുപ്പായം തുന്നിയവര്‍ നിരാശരായി. ആദ്യ നഗരസഭയുടെ ചെയര്‍മാനാകാന്‍ മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ഉള്‍പ്പെടെയാണ് തയാറെടുത്തിരുന്നത്. നറുക്കെടുപ്പ് പൂര്‍ത്തിയായതോടെ നിരവധി നേതാക്കള്‍ തെരഞ്ഞെടുപ്പ് രംഗത്തുനിന്നും പിന്മാറി. എല്‍.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ഏരിയ കമ്മിറ്റിയംഗവും നിലവില്‍ പഞ്ചായത്തംഗവുമായ എസ്.ആര്‍. രമേശ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാകുമായിരുന്നു. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിരവധി പേരാണുണ്ടായിരുന്നത്. പഞ്ചായത്തംഗമായ വി. ഫിലിപ്, നെല്‍സണ്‍, ലൗലി അലക്സാണ്ടര്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടും. നഗരസഭയുടെ പ്രഥമ ചെയര്‍മാന്‍ സ്ഥാനം വനിതക്കായതോടെ നേതാക്കളുടെ വടംവലി അവസാനിച്ചിരിക്കുകയാണ്. ചെയര്‍മാന്‍ സ്ഥാനം ജനറല്‍ വിഭാഗത്തിലാണെങ്കില്‍ ആര്‍. ബാലകൃഷ്ണപിള്ള മത്സരിക്കാന്‍ തയാറെടുത്തിരുന്നു. ഇതിനായി ചന്തമുക്ക് ഡിവിഷന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. സി.പി.എം ആദ്യം ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു. വനിതാസംവരണം ഇരുമുന്നണികളെയും പ്രതിസന്ധിയിലാഴ്ത്തിയിട്ടുണ്ട്. എല്‍.ഡി.എഫ് നേതൃത്വം ചെയര്‍പേഴ്സന്‍ സ്ഥാനത്തേക്ക് കഴിവുള്ളവരെ അന്വേഷിക്കുന്ന തിരക്കിലാണ്. ഇതിനായി പാര്‍ട്ടി ഏരിയാ സെന്‍ററിന്‍െറ യോഗം കൊട്ടാരക്കരയില്‍ ചേര്‍ന്നു. ചിത്രം വ്യക്തമായതോടെ ഫണ്ട് ശേഖരണവും പാര്‍ട്ടികള്‍ ആരംഭിച്ചിട്ടുണ്ട്. ചുവരുകള്‍ ബുക് ചെയ്തും സ്ഥാനാര്‍ഥി ചര്‍ച്ചകളാലും പ്രവര്‍ത്തകര്‍ സജീവമായിക്കഴിഞ്ഞു. യു.ഡി.എഫില്‍ സീറ്റ് ചര്‍ച്ചകള്‍ സജീവമായതോടെ ഘടകകക്ഷികള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം അഞ്ചു സീറ്റാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ ഇത് പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയാറല്ല. പുതുതായി മുന്നണിയിലത്തെിയ ആര്‍.എസ്.പിയുടെ സീറ്റിലും ധാരണയായിട്ടില്ല. മുസ്ലിംലീഗ് സീറ്റിനായി രംഗത്തുണ്ട്. ബി.ജെ.പി എല്ലാ വാര്‍ഡുകളിലും മത്സരിക്കാന്‍ തയാറായിക്കഴിഞ്ഞു. എല്‍.ഡി.എഫിലെ സീറ്റ് വിഭജനം അടുത്തദിവസം തന്നെ ധാരണയായേക്കുമെന്നറിയുന്നു. മിന്നുന്ന വിജയമുണ്ടാകുമെന്ന് സി.പി.എം നേതാവ് എസ്.ആര്‍. രമേശ് പറഞ്ഞു. ഗ്രൂപ് പ്രശ്നങ്ങള്‍ നേതാക്കള്‍ സംസാരിച്ച് രമ്യതയില്‍ എത്തിയതായും നഗരസഭാ ഭരണം യു.ഡി.എഫ് നേടുമെന്നും കോണ്‍ഗ്രസ് നേതാവ് നെല്‍സണ്‍ പറഞ്ഞു. ആദ്യ നഗരസഭാഭരണം ഏത് മുന്നണിക്കെന്ന് വരുംദിവസങ്ങളില്‍ വ്യക്തമാകും. പിള്ള വിഭാഗത്തിനാകട്ടെ, ഈ തെരഞ്ഞെടുപ്പ് അഭിമാനമത്സരമാകുമെന്നാണ് വിലയിരുത്തല്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.