‘അരങ്ങി’ല്‍ നിറഞ്ഞത് അഭിനയചാരുതയുടെ വിസ്മയങ്ങള്‍

കൊല്ലം: ഭരണകൂട ഭീകരതയും വര്‍ഗീയതയും അടിച്ചമര്‍ത്തപ്പെട്ടവന്‍ സ്വാതന്ത്യത്തിനുവേണ്ടി പോരാടുന്നതും വേദിയില്‍ നിറഞ്ഞപ്പോള്‍ കാണികള്‍ക്ക് ദൃശ്യാനുഭവത്തോടൊപ്പം ചര്‍ച്ചക്കും വേദിയൊരുങ്ങി. കേരള എന്‍.ജി.ഒ യൂനിയന്‍ സംഘടിപ്പിച്ച മൂന്നാമത് അഖില കേരള നാടക മത്സരം ‘അരങ്ങ് 2015’ പ്രേക്ഷകര്‍ക്ക് തികച്ചും കലാവിരുന്നായി. രാജ്യത്തെ നിയമങ്ങള്‍ വളച്ചൊടിക്കപ്പെടുകയും നിരപരാധികള്‍ ക്രൂശിക്കപ്പെടുകയും ജീവിതം തകര്‍ന്നടിയുകയും ചെയ്യുമ്പോള്‍ നിസ്സഹായമാകുന്ന പൗരന്‍െറ നൊമ്പരം സദസ്സിനെ ചിന്തിപ്പിക്കുന്നതായി. കൊല്ലം സോപാനം ഓഡിറ്റോറിയത്തില്‍ നടന്ന നാടക മത്സരത്തില്‍ കാസര്‍കോട് എന്‍.ജി.ഒ കലാവേദിയുടെ വെയിലറുതി, കണ്ണൂര്‍ സംഘവേദിയുടെ ദ്വന്ദം, വയനാട് ഗ്രാന്മയുടെ തുരുമ്പുചരിത്രം, കോഴിക്കോട് എന്‍.ജി.ഒ ആര്‍ട്സിന്‍െറ വാട്ട്സ് ദാറ്റ്്?, മലപ്പുറം ജ്വാലയുടെ തളപ്പ്, പാലക്കാട് ഫോര്‍ട്ട് കലാവേദിയുടെ ആരാണെന്‍െറ കുറ്റം ചെയ്തത്, തൃശൂര്‍ സര്‍ഗവേദിയുടെ ഉയിര്‍പ്പിന്‍െറ വഴികള്‍, എറണാകുളം സംഘ സംസ്കാരയുടെ ഒറ്റമരക്കാട്, ഇടുക്കി കനല്‍ കലാവേദിയുടെ നമുക്കിടയില്‍ ആരോ ചിലര്‍, കോട്ടയം തീക്കതിര്‍ കലാവേദിയുടെ അബുറാമിന്‍െറ ആരാച്ചാര്‍, ആലപ്പുഴ റെഡ്സ്റ്റാറിന്‍െറ മെക്കിണി, പത്തനംതിട്ട പ്രോഗ്രസീവ് ആര്‍ട്സിന്‍െറ ഉണരൂ സമയമായി, കൊല്ലം ജ്വാലയുടെ ഉതുപ്പാന്‍െറ കിണര്‍, തിരുവനന്തപുരം സംഘസംസ്കാരയുടെ കര്‍ഷകന്‍ അറ്റ് ത്രീജി, തിരുവനന്തപുരം സൗത് അക്ഷരകലാവേദിയുടെ വിഷച്ചൂല് എന്നീ നാടകങ്ങളാണ് അരങ്ങേറിയത്്. രാവിലെ നടി വിജയകുമാരി മാധവന്‍ പരിപാടി ഉദ്ഘാടനംചെയ്തു. നല്ല നാടകങ്ങള്‍ക്ക് നാടക മത്സരങ്ങള്‍ കരുത്തു പകരുമെന്നും പ്രഫഷനല്‍-അമച്വര്‍ വേര്‍തിരിവു വേണ്ടെന്നും അവര്‍ പറഞ്ഞു. നാടക മുന്നേറ്റങ്ങള്‍ സൃഷ്ടിച്ച സാമൂഹികാന്തരീക്ഷം ഇല്ലാതായതായി നടന്‍ അനൂപ് ചന്ദ്രന്‍ പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. ബി. സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍.ജി.ഒ യൂനിയന്‍ സംസ്ഥാന പ്രസിഡന്‍റ് പി.എച്ച്.എം. ഇസ്മയില്‍, യൂനിയന്‍ ജനറല്‍ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, കലാവേദി കണ്‍വീനര്‍ ടി.എന്‍. ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.