വികസന സ്വപ്നങ്ങളുമായി ജില്ലാ വികസനസെമിനാര്‍

കൊല്ലം:ജില്ലയുടെ വികസന കാഴ്ച്ചപ്പാട് അവതരിപ്പിച്ച് ജില്ലാ വികസനസെമിനാര്‍ ജില്ലാ പഞ്ചായത്തിന്‍െറ ആഭിമുഖ്യത്തില്‍ നടന്നു. 2020-വരെയുള്ള ജില്ലയിലെ വികസന സ്വപ്നങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ‘കാഴ്ചപ്പാട് 2020’ ന്‍െറ ഉദ്ഘാടനം പി.കെ. ഗുരുദാസന്‍എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ജയമോഹന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. അനില്‍കുമാര്‍,ചവറ പാറുക്കുട്ടി, മുന്‍ എം.പി പി.രാജേന്ദ്രന്‍, ഡോ.കെ. ശിവരാമകൃഷ്ണപിള്ള, കെ. രാജഗോപാല്‍, ഫാമിങ് കോര്‍പറേഷന്‍ ചെയര്‍മാന്‍ സി. മോഹനന്‍ പിള്ള ബ്ളോക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, മുന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പുതല മേധാവികള്‍, വര്‍ക്കിങ് ഗ്രൂപ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. 2020 ഓടെ ആരോഗ്യ, വിദ്യഭ്യാസ, വികസന, ടൂറിസം മേഖലയിലുണ്ടാകേണ്ട മാറ്റങ്ങളും കുതിപ്പുകളുമാണ് സെമിനാറില്‍ ഉയര്‍ന്നത്. സെമിനാറിലുയര്‍ന്ന നിര്‍ദേശങ്ങളില്‍ ചിലത്: വരുമാനം നോക്കാതെ സൗജന്യമായി ഡയാലിസിസിന് ജില്ലാ-താലൂക്ക് ആശുപത്രികള്‍ സൗകര്യം, ജില്ലാ ആശുപത്രിയില്‍ എം.ആര്‍.ഐ സ്കാനിങ്, ഹോമിയോ മേഖലയില്‍ തൈറോയ്ഡ് ഗവേഷണകേന്ദ്രം വിപുലീകരണം, ജില്ലാ ആയുര്‍വേദാശുപത്രി 200കിടക്കകളാക്കി ഉയര്‍ത്തല്‍, എച്ച്.ഐ.വി ബാധിതര്‍ക്കായി നടപ്പാക്കിയ സൗജന്യ പോഷകാഹാര വിതരണ പദ്ധതിയില്‍ വൃക്ക-കാന്‍സര്‍ രോഗികളെ ഉള്‍പ്പെടുത്തല്‍, ആര്‍.സി.സിയുടെ സഹായത്തോടെ കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കും ജില്ലാ ആശുപത്രിയില്‍ പ്രത്യേക സെന്‍റര്‍ ,പ്ളസ് ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി സിവില്‍ സര്‍വിസ് കോച്ചിങ് കോഴ്സുകള്‍ക്ക് കേന്ദ്രം, ബി.പി.എല്‍ വിഭാഗത്തില്‍പെട്ട 10ാം ക്ളാസ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും, സ്കൂളുകള്‍ക്ക് ശുചിമുറി, കുടിവെള്ളം, കളിസ്ഥലം ,സ്കൂളുകളില്‍ സ്പോര്‍ട്സ് കിറ്റ് സൗജന്യമായി നല്‍കുന്ന പദ്ധതി, സ്പോര്‍ട്സ് കൗണ്‍സിലുമായി ചേര്‍ന്ന് കായിക പ്രതിഭകളെ കണ്ടത്തെി ദത്തെടുക്കല്‍, സാങ്കേതിക വിദ്യാഭ്യാസം നേടിയവര്‍ക്കായി തൊഴില്‍ പരിശീലനവും തൊഴിലും ഉറപ്പാക്കാന്‍ ഇന്‍റര്‍ ആക്ഷന്‍ സെന്‍റര്‍, ജോബ് റിക്രൂട്ട്മെന്‍റ് സെന്‍റര്‍ എന്നിവ, തൊഴില്‍ പരിശീലന ഗവേഷണ കേന്ദ്രം, കാര്‍ഷിക മേഖലയിലേക്ക് തൊഴിലുറപ്പ് പദ്ധതി വ്യാപിപ്പിക്കല്‍, എല്ലാവര്‍ക്കും വീട് പദ്ധതി, വയോജനങ്ങള്‍ക്കായി പ്രത്യേക പാര്‍പ്പിട പദ്ധതി, ജലസമ്പുഷ്ട ജില്ലയാക്കല്‍, അയ്യങ്കാളി കുടിവെള്ള പദ്ധതിയുടെ വിപുലീകരണം, തെരഞ്ഞെടുക്കപ്പെടുന്ന വായനശാലകള്‍ക്ക് ഓപണ്‍ എയര്‍ തിയറ്റര്‍, ജില്ലയില്‍ ആര്‍ട്ട് ഗ്യാലറിയും നാടക പഠന- അവതരണകേന്ദ്രവും, ആര്യങ്കാവ് -അച്ചന്‍ കോവില്‍-കുളത്തൂപ്പുഴ ക്ഷേത്രങ്ങളെ ബന്ധപ്പെടുത്തി തീര്‍ഥാടന വിനോദസഞ്ചാരം, ചരിത്ര സ്മാരകങ്ങളെ ബന്ധപ്പെടുത്തുന്ന ടൂറിസം പാക്കേജ്, ഫാം ടൂറിസം, കയര്‍, കൈത്തറി, കശുവണ്ടി, മത്സ്യ സംസ്കരണം എന്നീ മേഖലകളെയും ടൂറിസം മേഖലയുമായി ബന്ധിപ്പിക്കല്‍, എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കാനുള്ള പദ്ധതി, ആദിവാസി കലകളെ പുതിയ തലമുറക്ക് പരിചയപ്പെടുത്താന്‍ കലാമേളകളും പഠനകേന്ദ്രവും ഒരുക്കും, ജില്ലാപഞ്ചായത്ത് എഫ്.എം റേഡിയോ സ്റ്റേഷന്‍, ശാസ്താംകോട്ട ശുദ്ധജല തടാകം,അഷ്ടമുടിക്കായല്‍ എന്നിവയുടെ സംരക്ഷണം, ചരിത്രവ്യക്തിത്വങ്ങളെക്കുറിച്ച് പഠിക്കാന്‍ ചരിത്ര-സാംസ്കാരിക മ്യൂസിയവും ഗവേഷണ കേന്ദ്രവും സ്ഥാപിക്കല്‍ തുടങ്ങിയവ. ജില്ലാ പഞ്ചായത്തിന്‍െറ ഒൗദ്യോഗിക വെബ് സൈറ്റ് www.kollamdp.lsgkerala.gov.in നിലവില്‍ വന്നതായും സെമിനാറില്‍ ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.