കിഴക്കന്‍മേഖലയിലെ എസ്റ്റേറ്റുകളില്‍ തൊഴിലാളികള്‍ പണിമുടക്കി

പുനലൂര്‍: കിഴക്കന്‍മേഖലയിലെ എല്ലാ എസ്റ്റേറ്റുകളിലും തൊഴിലാളികള്‍ പണിമുടക്കിലായതോടെ തോട്ടം മേഖല പൂര്‍ണമായി സ്തംഭിച്ചു. കഴിഞ്ഞ 16ന് അമ്പനാട് ടി.ആര്‍.ആന്‍ഡ് ടി എസ്റ്റേറ്റിലാണ് ആദ്യം സമരം തുടങ്ങിയത്. തുടര്‍ന്ന് കഴിഞ്ഞ 25 മുതല്‍ തെന്മലവാലിയിലെ ഹാരിസണ്‍ എസ്റ്റേറ്റുകളിലും 27 മുതല്‍ പൊതുമേഖലാ സ്ഥാപനമായ റിഹാബിലിറ്റേഷന്‍ പ്ളാന്‍േറഷനിലും തെന്മല റിയ എസ്റ്റേറ്റ് എന്നിവിടങ്ങളിലും സമരം തുടങ്ങിയിരുന്നു. വ്യാഴാഴ്ച മുതല്‍ എ.വി.ടി ചാലിയക്കര, പുനലൂര്‍ ബി.ബി എസ്റ്റേറ്റ്, ഗുഡ്ഹോപ് തുടങ്ങിയ എസ്റ്റേറ്റുകളിലും സമരം തുടങ്ങി. സമരത്തിനെതിരെ സര്‍ക്കാറും എസ്റ്റേറ്റ് മാനേജ്മെന്‍റും നിഷേധനിലപാട് സ്വീകരിക്കുന്നതിനെതിരെ ശനിയാഴ്ച പുനലൂര്‍ ടി.ബി ജങ്ഷനില്‍ സംയുക്ത തൊഴിലാളി യൂനിയന്‍െറ നേതൃത്വത്തില്‍ കൊല്ലം-തിരുമംഗലം ദേശീയപാത 744 ഉപരോധിക്കും. അഞ്ചിന് എല്‍.ഡി.എഫിന്‍െറ നേതൃത്വത്തിലും കഴുതുരുട്ടിയില്‍ ദേശീയപാത ഉപരോധിക്കുന്നുണ്ട്. വ്യാഴാഴ്ച പണിമുടക്കിയ തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫിസുകള്‍ക്കു മുന്നില്‍ പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. ആര്‍.പി.എല്‍ അയിരനല്ലൂര്‍ എസ്റ്റേറ്റിനു മുന്നിലെ ധര്‍ണ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, സുന്ദരേശന്‍, എം. നാസര്‍ഖാന്‍, ബി. വര്‍ഗീസ്, സി.പി.ഐ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ് എന്നിവരും ഗുഡ്്ഹോപ്, ചാലിയക്കര എന്നിവിടങ്ങളില്‍ പ്ളാന്‍േറഷന്‍ വര്‍ക്കേഴ്സ് യൂനിയന്‍ ജില്ലാ സെക്രട്ടറി എസ്. ജയമോഹനന്‍, എച്ച്. രാജീവന്‍, എ. പ്രകാശ്, നെടുമ്പാറയില്‍ സി.പി.ഐ നേതാവ് പി.എസ്. സുപാല്‍ തുടങ്ങിയവരും സംസാരിച്ചു. അതേസമയം റബര്‍ വിലിയിടിവുമൂലം വരുമാനം കുറഞ്ഞു കൊണ്ടിരിക്കുന്ന റിഹാബിലിറ്റേഷന്‍ പ്ളാന്‍േറഷന്‍ പോലുള്ള എസ്റ്റേറ്റുകളില്‍ സമരം കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വിവിധ എസ്റ്റേറ്റുകളിലായി കിഴക്കന്‍ മേഖലയില്‍ 5000ത്തോളം തൊഴിലാളികളാണ് സമരത്തിലുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.