കൊച്ചി: ഗൾഫ് രാജ്യങ്ങളിലുള്ള കുട്ടികൾക്ക് നാഷനൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്‌റ്റ് (നീറ്റ്) എഴുതാൻ വിദേശത്ത് കേന്ദ്രങ്ങൾ തുറക്കണമെന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. ഇന്ത്യയിലെത്തി പരീക്ഷയെഴുതാൻ സാധിക്കാത്ത സാഹചര്യത്തിൽ വിദേശത്ത് പരീക്ഷകേന്ദ്രം തുറക്കുകയോ കോവിഡ് ഭീതി മാറുന്നതുവരെ പരീക്ഷ മാറ്റിവെക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് ഖത്തറിലെ കേരള മുസ്ലിം കൾചറൽ സൻെറർ ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിൻെറ നിർദേശം. കേന്ദ്രസർക്കാർ, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ എന്നീ എതിർകക്ഷികൾ 23നകം വിശദീകരണം നൽകാനാണ് നിർദേശം. നേരത്തേ ഹരജി പരിഗണിക്കവേ, മെഡിക്കൽ കൗൺസിലിനെയും ആരോഗ്യ മന്ത്രാലയത്തെയും കക്ഷിചേർക്കാൻ നിർദേശിച്ചിരുന്നു. ഇവരെ കക്ഷികളാക്കാനുള്ള അപേക്ഷ അനുവദിച്ച കോടതി, തുടർന്നാണ് പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദീകരണം തേടിയത്. പരീക്ഷക്ക് രജിസ്റ്റർ ചെയ്ത വിദേശത്തുള്ള കുട്ടികളുടെ വിശദാംശങ്ങൾ നൽകാൻ നാഷനൽ ടെസ്റ്റിങ് ഏജൻസിക്കും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.