കൊച്ചി: കൂലി വെട്ടിക്കുറച്ചതിനെതിരെ സ്വിഗ്ഗി ഡെലിവറി ജോലിക്കാർ പ്രതിഷേധിച്ചു. ഇടപ്പള്ളി ഓഫിസിനു മുന്നിലായിരുന്നു പ്രതിഷേധം. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ബുധനാഴ്ച കമ്പനി പ്രതിനിധികൾ ചർച്ചക്ക് വിളിച്ചിരുന്നെങ്കിലും കൂലി കുറക്കുമെന്ന് തീർത്തുപറഞ്ഞതോടെ ജോലിക്കാർ ഇറങ്ങിപ്പോയി. നിലവിൽ ഒരു ഓർഡർ എത്തിക്കുന്നതിന് 25 രൂപ നൽകിയിരുന്നത് കോവിഡിൻെറ പശ്ചാത്തലത്തിൽ 15 രൂപയായി കുറക്കുകയായിരുന്നു. ഇൻസൻെറിവും മറ്റ് ആനുകൂല്യങ്ങളും നൽകില്ലെന്നും കമ്പനി അറിയിച്ചു. കൂലി പുനഃസ്ഥാപിച്ചില്ലെങ്കിൽ ജോലിക്ക് അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് ജോലിക്കാർ അറിയിച്ചു. സമരത്തിൽ പങ്കെടുത്തവരെ കമ്പനി സസ്പെൻഡ് ചെയ്തതായും ഇവർ പറഞ്ഞു. കോവിഡ് മൂലം വരുമാനമില്ലെന്നാണ് കമ്പനി പറയുന്നത്. എന്നാൽ, അവശ്യ സർവിസായിരുന്നതിനാൽ ലോക്ഡൗണിൽ ഉൾപ്പെടെ നഗരത്തിൽ നല്ല കച്ചവടമുണ്ടായിരുന്നതായി ജോലിക്കാർ പറയുന്നു. സമരം തുടരുമെന്നും കൂലി കുറച്ചത് അംഗീകരിക്കാനാവില്ലെന്നും സ്വിഗ്ഗി ജോലിക്കാരായ ടോണി തോമസും നിസാറും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.