കെ.എം.ആർ.എൽ അശാസ്​ത്രീയ ഓടനിർമാണം ത​ുടരുന്നു

കൊച്ചി: നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നത്തിന് പരിഹാരം കാണാൻ ജില്ല ഭരണകൂടവും കോർപറേഷനും നടത്തുന്ന പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി കെ.എം.ആർ.എല്ലിൻെറ അശാസ്ത്രീയ ഓടനിർമാണം തുടരുന്നു. മെട്രോ നിർമാണവുമായി ബന്ധപ്പെട്ട് കെ.എം.ആർ.എൽ നിർമിച്ച പല ഓടകളും നിലവിലെ ഓടകളുടെ ഒഴുക്ക് തടസ്സപ്പെടുന്ന രീതിയിലും പലതിൻെറയും ഒഴുക്ക് തിരിച്ചുവിടുന്ന വിധവുമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലുണ്ടായ വെള്ളപ്പൊക്കത്തിന് ഇത്തരം അശാസ്ത്രീയ നിർമാണങ്ങൾ പ്രധാന കാരണമായെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. ഇത്തരം ഓടകൾ പുതുക്കിപ്പണിയണമെന്നും നീരൊഴുക്കിന് തടസ്സമുണ്ടാക്കുന്ന നിർമാണങ്ങൾ മാറ്റണമെന്നും കലക്ടറും മേയറും ജില്ലയുടെ ചുമതലയുള്ള മന്ത്രി സുനിൽകുമാറും ആവശ്യപ്പെട്ടിരുന്നു. അതിൻെറ അടിസ്ഥാനത്തിൽ ഓടകളുടെ തടസ്സങ്ങൾ മാറ്റുന്ന ജോലികൾ ഏറക്കുറെ അവർ പൂർത്തിയാക്കിയിരുന്നു. എന്നാൽ, വലിയ കൾവർട്ടുകളിലെ തടസ്സങ്ങൾ ഇപ്പോഴും പരിഹരിക്കാനായിട്ടില്ല. അതിൻെറ പുനർനിർമാണം വീണ്ടും അശാസ്ത്രീയമായിത്തന്നെ മുന്നോട്ട് പോവുകയാണെന്നാണ് കോർപറേഷൻ പറയുന്നത്. ഇത് പ്രയോജനം ചെയ്യില്ലെന്ന് അവർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കലൂർ, ഇടപ്പള്ളി, എം.ജി റോഡ് ഭാഗങ്ങളിൽ ഇത്തരം നിർമാണം നടന്നുവരുകയാണ്. ഈ ഭാഗത്തെ പ്രധാന കൾവർട്ടുകളിൽ ചതുരാകൃതിയിലുള്ള സിമൻറ് ബോക്സുകളിറക്കി ഓട നിർമിക്കണമെന്നതാണ് ശാസ്ത്രീയ രീതി. ഇതാണ് കെ.എം.ആർ.എല്ലിനോട് ആവശ്യപ്പെട്ടതെന്ന് കോർപറഷേൻ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ പി.എം. ഹാരിസ് പറഞ്ഞു. എന്നാൽ, ഭിത്തികെട്ടി അതിനുള്ളിൽ പൈപ്പുകൾ സ്ഥാപിച്ച് കൾവർട്ടുകളിലേക്ക് വെള്ളം ഒഴുക്കുന്ന രീതിയിലാണ് നിർമാണം നടത്തുന്നത്. ഇതുമൂലം ചെറുതായി മാലിന്യം നിറയുേമ്പാൾതന്നെ ഒഴുക്ക് തടസ്സപ്പെടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പേരണ്ടൂർ കനാൽ, ശാസ്താ ടെമ്പിൾ റോഡ് എന്നിവിടങ്ങളിൽ വാട്ടർ അതോറിറ്റിയുടെയും കെ.എസ്.ഇ.ബിയുടെയും മറ്റ് സ്വകാര്യ ടെലിഫോൺ കമ്പനികളുടെയും കേബിൾ കടന്നുപോകുന്നതും ഇത്തരം ഓടകൾക്കുള്ളിലൂടെയാണ്. കേബിളുകളിൽ പെട്ടെന്ന് മാലിന്യം കുടുങ്ങും. അത് ഒഴുക്ക് തടസ്സപ്പെടാൻ പ്രധാന കാരണമാണ്. ജില്ല ഭരണകുടവും സർക്കാറും ഇടപെട്ട് മലിനജലവും മഴവെള്ളവും ഒഴുകിപ്പോകുന്ന ഓടകളിൽനിന്ന് ഇത്തരം തടസ്സങ്ങൾ ആദ്യം ഒഴിവാക്കണമെന്നാണ് കോർപറേഷൻ ആവശ്യപ്പെടുന്നത്. ജില്ല ഭരണകൂടവും കോർപറേഷനും ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ തൃപ്തികരമെന്നാണ് വിലയിരുത്തുന്നത്. എന്നാൽ, പെരുമഴയും വേലിയേറ്റവും ഒരുമിച്ചുണ്ടായാൽ വീണ്ടും വെള്ളപ്പൊക്കമുണ്ടാകാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. അതിനാൽ ഓടകളിലെയും കാനകളിലെയും കൾവർട്ടുകളിലെയും തടസ്സങ്ങൾ പൂർണമായി ഒഴിവാക്കി ഒഴുക്ക് സുഗമമാക്കണമെന്നാണ് ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.