ആലപ്പുഴ:മഴക്കാലം വരാറായതോടെ പാടശേഖരങ്ങളിൽ മടവീഴുമോ എന്ന ആശങ്കയിലാണ് കുട്ടനാട്ടിലെ കർഷകർ. ശനിയാഴ്ച രാവിലെ കാവാലം രാജരാമപുരം കായലിലെ 1347 ഏക്കർ വരുന്ന പാടശേഖരത്ത് 25 മീറ്റർ നീളത്തിലാണ് മട വീണത്. കനകാശ്ശേരി പ്രദേശത്തെ കർഷകർ മട വീഴ്ച ഭയന്ന് ഏറെ ബുദ്ധിമുട്ടിലാണ്. ആറ് മാസം മുമ്പ് മട വീണ പാടത്ത് അവർക്ക് ഇത്തവണയും കൃഷിയിറക്കാനായിട്ടില്ല. സർക്കാർ ഇടപെട്ട് പുറംബണ്ട് ബലപ്പെടുത്താൻ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരും കർഷകരും ആവശ്യപ്പെടുന്നത്. കുട്ടനാട് കൈനകരി പഞ്ചായത്തിലെ 600 ഏക്കർ കനകാശ്ശേരി പാടശേഖരത്ത് മഹാപ്രളയത്തിനുശേഷം ഒറ്റതവണ മാത്രമാണ് കൃഷിയിറക്കാനായത്. തുടർച്ചയായുള്ള മടവീഴ്ച കാരണം കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കർഷകർ. ബണ്ടിനോട് ചേർന്ന് താമസിക്കുന്നവർ ഏത് സമയവും വീട്ടിനുള്ളിൽ വെള്ളം കേറുമെന്ന ഭീഷണിയിലാണ്. ഓരോ തവണയും ചേറ് കുത്തി കോടികൾ മുടക്കിയാണ് ബണ്ട് നിർമിക്കുന്നത്. കരാറുകാർ തടിച്ച് കൊഴുക്കുന്നതല്ലാതെ കർഷകർക്ക് യാതൊരു ഗുണവുമില്ല. കുറ്റമറ്റ രീതിയിൽ മടകുത്തണമെന്ന ആവശ്യം ജലരേഖയാകുകയാണ്. കനകാശ്ശേരിയിൽ കഴിഞ്ഞ തവണ മന്ത്രി തോമസ് ഐസക് ആഘോഷമായി ഉദ്ഘാടനം നടത്തി പോയതിൻെറ പിറ്റേന്ന് മടവീണു. മടവീഴ്ച തടയാൻ ഗുണ നിലവാരമുള്ള പൈൽ ആൻഡ് സ്ലാബ് സംവിധാനമേ ഫലപ്രദമാകൂവെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, പലയിടത്തും 'സ്നേഹമതിൽ'കണക്കെ തട്ടിക്കൂട്ടിയ സ്ലാബുകളാണ് നിർമിക്കുന്നത്. ഇതാകട്ടെ സാമ്പ്രദായികമായ തെങ്ങിൻ കുറ്റിയും ചേറും ഉപയോഗിച്ചുള്ള നിർമാണത്തിന് ബദലായി മാറുന്നുമില്ല. കനകാശ്ശേരിയിൽ മട വീണാൽ പ്രദേശത്തെ കുപ്പപ്പുറം ഹൈസ്കൂളിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പരിസരത്തെ വീടുകളിലുമൊക്കെ വെള്ളം കയറും. നല്ല കൃഷി നാശവും സംഭവിക്കും. പരിസരത്തെ മറ്റൊരു പാടശേഖരത്തിൽ മടവീണതോടെ കനകാശ്ശേരിക്കാർ ഭയചകിതരാണ്. പ്രശ്നങ്ങളിൽ പരിഹാരം തേടി മുഖ്യമന്ത്രിക്ക് നിവേദനം നൽകി കാത്തിരിക്കുകയാണ് കനകാശ്ശേരിക്കാർ. മറ്റ് പാടശേഖരങ്ങളിലെയും സ്ഥിതി വ്യത്യസ്തമല്ല. കോവിഡ് ലോക് ഡൗണിൽ കഴിയുന്ന കർഷകർ അല്ലെങ്കിൽ തന്നെ വറുതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.