അരൂർ: ഷാനിമോൾ ഉസ്മാൻ എം.എൽ.എ അരൂരിൽ അന്തർ സംസ്ഥാന തൊഴിലാളികളെ സന്ദർശിച്ച് ക്ഷേമാന്വേഷണം നടത്തി. തങ്ങൾക്ക് നാട്ടിലേക്ക് മടങ്ങാൻ താൽപര്യമില്ലെന്ന് പലരും എം.എൽ.എയോട് പറഞ്ഞു. അരൂർ മേഖലയിലെ വിവിധ കമ്പനികളിൽ ജോലി ചെയ്യുന്ന മുന്നൂറ്റി അമ്പതിലധികം പേർ നാട്ടിലേക്ക് മടങ്ങാൻ പേര് രജിസ്റ്റർ ചെയ്തെങ്കിലും ഇപ്പോൾ ഇവരിൽ പകുതിപേർക്കും മടങ്ങാൻ താൽപര്യമില്ല. നാട്ടിൽ ചെന്നാൽ തൊഴിൽ ഇല്ലാതെ പട്ടിണിയിലാകുമെന്നാണു അവർ പറയുന്നത്. അന്തർ സംസ്ഥാന തൊഴിലാളികളുടെ ചില ക്യാമ്പുകളും എം.എൽ.എ സന്ദർശിച്ചു. 'അകലുന്ന കണ്ണികൾ' ശ്രദ്ധേയമായി അരൂർ: കൊറോണ പ്രതിരോധ പ്രവർത്തനം വിജയകരമായി നടത്തിയ പ്രധാന മന്ത്രി, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പൊലീസ്, ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് അഭിവാദ്യം അർപ്പിച്ച് റഫീഖ് ഇല്ലിക്കൽ എഴുതി പ്രമോദ് സാരംഗ് സംഗീതം ചെയ്ത് എഴുപുന്ന സുനിൽ, സനീഷ് ശശി, ഗിരീഷ് എന്നിവർ ആലപിച്ച 'അകലുന്ന കണ്ണികൾ' മ്യൂസിക് വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി. അനാസ്ഥ അവസാനിപ്പിക്കണം -ജെ.എസ്.എസ് അരൂർ: കയർ തൊഴിലാളികളെ ദുരിതത്തിലാക്കുന്ന എസ്.ബി.ഐയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് ജെ.എസ്.എസ് അരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കയർ തൊഴിലാളികൾക്ക് ക്ഷേമനിധി ബോർഡ് നൽകുന്ന കോവിഡ് സഹായമായ 1000 രൂപ കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് പട്ടണക്കാട് എസ്.ബി.െഎയിലേക്കാണ് കൈമാറുന്നത്. ക്ഷേമനിധി ബോർഡിൽ അപേക്ഷ ലഭിച്ച കുടിശ്ശികയില്ലാത്ത 8120 കയർ തൊഴിലാളികളുണ്ട്. ഇവർക്ക് നൽകാൻ 81 ലക്ഷം രൂപയാണ് ബാങ്കിനു കൈമാറിയത്. എന്നാൽ, 4047 പേർക്ക് മാത്രമാണ് സഹായം ലഭിച്ചത്. ബാക്കി 4073. പേർക്ക് ധനസഹായം ലഭിച്ചിട്ടില്ല. ഇത്രയും തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് പണം മാറ്റാത്തതാണു കാരണം. ഇതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജെ.എസ്.എസ് നിയോജക മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. പ്രസിഡൻറ് വി.കെ. അംബർഷൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.