കായംകുളം: പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് അറുതിയായി സസ്യമാർക്കറ്റ് ഷോപ്പിങ് കോംപ്ലക്സ് കടമുറികൾ കച്ചവടക്കാർക്ക് അനുവദിക്കുന്നതിന് നീക്കം തുടങ്ങി. തിങ്കളാഴ്ച കൂടുന്ന കൗൺസിൽ യോഗത്തിൽ വിഷയം അജണ്ടയായി വന്നതോടെ ഇതുസംബന്ധിച്ച് രാഷ്ട്രീയ പാർട്ടികളുടെ നിലപാട് വ്യാപാര സമൂഹം ഉറ്റുനോക്കുകയാണ്. കാലപ്പഴക്കത്താൽ 2009ലാണ് പഴയ കെട്ടിടം പൊളിച്ചത്. കെ.യു.ആര്‍.ഡി.എഫ്.സിയില്‍നിന്നും ഏഴ് കോടി വായ്പ എടുത്താണ് പുതിയ കെട്ടിടം പൂർത്തീകരിച്ചത്. കഴിഞ്ഞ കൗൺസിൽ കാലത്ത് നടപടിക്രമം തുടങ്ങിയെങ്കിലും 2016ലാണ് നിർമാണം ആരംഭിച്ചത്. ഒരുവർഷം മുമ്പ് പൂർത്തീകരിച്ചുവെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം കൈമാറ്റം വൈകുകയായിരുന്നു. 2010ലെ കൗണ്‍സിലിൽ വ്യാപാരികൾക്ക് നല്‍കുന്ന കടമുറികളുടെ സ്ഥാനവും അധിക ഡെപ്പോസിറ്റും പുതുക്കിയ വാടകയും നിശ്ചയിച്ച് കൃത്യമായ കരാർ രൂപപ്പെടുത്തിയിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ പുതിയ കെട്ടിടം നിർമിക്കുമെന്ന ഉറപ്പിലാണ് വ്യാപാരികളെ ഒഴിപ്പിച്ചത്. പഴയ കെട്ടിടത്തില്‍ 34 വാടകക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ നഗരസഭയുമായി കരാർ ഒപ്പിട്ട സസ്യമാര്‍ക്കറ്റ് സ്ഥലത്ത് താല്‍ക്കാലികമായി ഷെഡ് കെട്ടി കച്ചവടം നടത്തുന്ന 23 പേര്‍ക്ക് മാത്രം കടമുറി നൽകാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്. പഴയ കൊല്ലം-ആലപ്പുഴ ദേശീയപാതക്ക് അഭിമുഖമായ കെട്ടിടത്തിലെ വ്യാപാരികളായിരുന്ന അഞ്ച് പേർക്ക് നൽകാൻ നിശ്ചയിച്ചിരുന്ന കടമുറികൾ പൊതുലേലം നടത്താനാണ് നിർദേശം. കൈമാറ്റം ചെയ്യുന്ന കടമുറികള്‍ക്ക് 11 ലക്ഷം രൂപ വരെ അധിക ഡെപ്പോസിറ്റ് ഈടാക്കാനും 4000 മുതല്‍ 4500 രൂപ വരെ പുതുക്കിയ വാടക ഈടാക്കണമെന്നും നിർദേശമുണ്ട്. ഒന്നും രണ്ടും നിലകളിലെ ഭാഗങ്ങള്‍ ഡെപ്പോസിറ്റും വാടകയും നിശ്ചയിച്ച് പൊതുലേലം നടത്താനുള്ള ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നിർദേശമാണ് തിങ്കളാഴ്ചയിലെ കൗണ്‍സിലിൽ അജണ്ടയാക്കിയിരിക്കുന്നത്. അതേസമയം ഇടത് ഭരണ നേതൃത്വത്തിൻെറ നിർദേശത്തെ പ്രതിപക്ഷമായ യു.ഡി.എഫ് ശക്തമായി എതിർക്കുകയാണ്. ബി.ജെ.പിയാകട്ടെ നിലപാട് വ്യക്തമാക്കിയിട്ടുമില്ല. പഴയ കെട്ടിടത്തില്‍ വ്യാപാരികളായിരുന്ന 34 പേര്‍ക്കും കടമുറികൾ അനുവദിക്കണമെന്നാണ് യു.ഡി.എഫ് ആവശ്യം. വാടകയിലും ഡിപ്പോസിറ്റിലും പൊളിക്കുന്ന സമയത്ത് കച്ചവടക്കാരുമായി ഉണ്ടാക്കിയ കരാർ പാലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. നഗരസഭയുടെ അനാസ്ഥ കാരണം നിർമാണം വൈകിയതിന് വ്യാപാരികൾ ഉത്തരവാദികളല്ല. നിർമാണം വൈകിയത് മൂലം നഗരസഭക്കുണ്ടായ നഷ്ടം വ്യാപാരികളിൽനിന്നും ഇൗടാക്കാനുള്ള നീക്കത്തിനെതിരെ ധനകാര്യ സമിതിയിൽ യു.ഡി.എഫ് അംഗങ്ങൾ നിലപാട് വ്യക്തമാക്കിയിരുന്നു. യു. മുഹമ്മദ്, ഗായത്രി തമ്പാന്‍, ഭാമിനി സൗരഭന്‍, സുമയ്യ എന്നിവരാണ് വിയോജിച്ചത്. തിങ്കളാഴ്ച നടക്കുന്ന കൗൺസിലിലും ഇതേനിലപാട് തന്നെ സ്വീകരിക്കുമെന്നാണ് അറിയുന്നത്. എന്നാൽ, ബി.ജെ.പിയുടെ നിലപാട് അനുസരിച്ചായിരിക്കും കൗൺസിൽ തീരുമാനം പ്രാബല്യത്തിലാകുക. സസ്യമാർക്കറ്റ് ഷോപ്പിങ് േകാംപ്ലക്സ് കൈമാറ്റത്തിന് വ്യാപാരികളുമായുള്ള കരാർ അട്ടിമറിക്കാനുള്ള നഗരസഭ നീക്കം പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പറഞ്ഞു. കച്ചവടക്കാരുമായി യു.ഡി.എഫ് ഭരണസമിതി ഉണ്ടാക്കിയ കരാർ പാലിക്കാൻ തയാറാകണം. ജില്ല ജനറൽ സെക്രട്ടറി എച്ച്. ബഷീർകുട്ടി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് ടി.എ. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പൂക്കുഞ്ഞ് കോട്ടപ്പുറം, എ. ഇർഷാദ്, നവാസ് മുണ്ടകത്തിൽ, എസ്. നുജുമുദ്ദീൻ, എം. ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.