പ്രവാസികളുമായി കൂടുതൽ വിമാനങ്ങളെത്തി

കൊച്ചി: കോവിഡ് 19 പശ്ചാത്തലത്തിൽ കുവൈത്ത്, മസ്കത്ത് എന്നിവിടങ്ങളിൽനിന്നുള്ള പ്രവാസികളുമായി നെടുമ്പാശ്ശേരിയിൽ രണ്ട് വിമാനം കൂടിയെത്തി. ദോഹയിൽനിന്നുള്ള യാത്രക്കാരുമായി പുലർച്ചയോടെ മറ്റൊരു വിമാനവുമെത്തും. മസ്കത്തിൽനിന്ന് 183 യാത്രക്കാരുമായി ശനിയാഴ്ച രാത്രി 10നാണ് വിമാനമെത്തിയത്. മസ്കത്തിൽനിന്നെത്തിയ വിമാനത്തിൽ ആലപ്പുഴ -12, എറണാകുളം -23, ഇടുക്കി -രണ്ട്, കണ്ണൂർ -16, കാസർകോട് -രണ്ട്, കൊല്ലം -13, കോട്ടയം -13, കോഴിക്കോട് -15, മലപ്പുറം -ഒമ്പത്, പാലക്കാട് -20, പത്തനംതിട്ട -20, തിരുവനന്തപുരം -12, തൃശൂർ -26 എന്നിങ്ങനെയായിരുന്നു യാത്രക്കാർ. ഇതില്‍ 77 പേര്‍ അടിയന്തര ചികിത്സ ആവശ്യമായ രോഗികളായിരുന്നു. 48 ഗര്‍ഭിണികൾ, ജോലി നഷ്ടപ്പെട്ട 22 പേർ, സന്ദര്‍ശക വിസയിലെത്തി വിസ കാലാവധി കഴിഞ്ഞ 30 പേർ, നാലുകുട്ടികൾ എന്നിവരും ഇക്കൂട്ടത്തിൽ ഉൾപ്പെടുന്നു. ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് നെടുമ്പാശ്ശേരിയില്‍നിന്ന് മസ്‌കത്തിലേക്ക് വിമാനം പുറപ്പെട്ടത്. പ്രാദേശിക സമയം 4.15ന് മസ്‌കത്തില്‍നിന്ന് പ്രവാസികളുമായി മടക്കയാത്ര. കുവൈത്തിൽനിന്നുള്ള വിമാനം 177 യാത്രക്കാരും നാല് കുഞ്ഞുങ്ങളുമായി 9.26നാണ് നെടുമ്പാശ്ശേരിയിലെത്തിയത്. ശനിയാഴ്ച രാവിലെ പത്തിനാണ് ഇവരെ മടക്കിക്കൊണ്ടുവരാനുള്ള വിമാനം നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെട്ടത്. പുലർച്ച 1.50ഓടെ ദോഹയിൽനിന്നുള്ള വിമാനം നെടുമ്പാശ്ശേരിയിലെത്തുമെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ ഒന്നര മണിക്കൂർ നീണ്ട പരിശോധനക്കും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. കെ.എസ്.ആർ.ടി.സി ബസുകളും കാറുകളും ഇവരെ കൊണ്ടുപോകുന്നതിനു സജ്ജമാക്കിയിരുന്നു. മുൻകൂട്ടി തീരുമാനിച്ചതിൽനിന്ന് 30 മിനിറ്റ് വൈകി കുവൈത്ത് സമയം 2.30നായിരുന്നു കുവൈത്ത്-കൊച്ചി വിമാനം പുറപ്പെട്ടത്. വെള്ളിയാഴ്ച ബഹ്റൈനിൻനിന്നെത്തിയ വിമാനത്തിലുണ്ടായിരുന്ന 181 യാത്രക്കാരെയും നിരീക്ഷണത്തിലാക്കിയിരുന്നു. ഇവരിൽ 87 പുരുഷന്മാരും 94 പേർ സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ഇതിൽ എറണാകുളം സ്വദേശികളായ 15 പേരെ മുട്ടം എസ്.സി.എം.എസ് കോളജിൽ സജ്ജമാക്കിയിരിക്കുന്ന കോവിഡ് കെയർ സൻെററിലേക്കും ബാക്കിയുള്ള 13 പേരെ വീടുകളിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മറ്റുള്ളവരെ അതത് ജില്ലകളിലേക്കും നിരീക്ഷണത്തിന് അയച്ചു. ക്വാലാലംപൂരിൽനിന്നുള്ള മലയാളികളുമായി ആദ്യവിമാനം ഞായറാഴ്ച രാത്രി 10.15ന് എത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.