ജില്ല പഞ്ചായത്ത് യോഗം പ്രതിപക്ഷ ബഹളത്തിൽ മുങ്ങി

ആലപ്പുഴ: ഭരണനിർവഹണത്തിലെ കടുത്ത അനാസ്ഥ ചൂണ്ടിക്കാട്ടി ജില്ല പഞ്ചായത്ത് യോഗത്തിൽ പ്രതിപക്ഷ ബഹളം. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ കാര്യക്ഷമമായി ഇടപെടാൻ ജില്ല പഞ്ചായത്ത് മടിക്കുന്നതിനെ പ്രതിപക്ഷം ചോദ്യംചെയ്തു. ഏറ്റെടുത്ത് നടത്തിയ പ്രവൃത്തികളുടെ ബിൽതുക സംബന്ധിച്ച് അപാകതകൾ ഉണ്ടായതും പ്രതിപക്ഷ-ഭരണപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ ചോദ്യംചെയ്തു. 2020-21വാർഷിക പദ്ധതി -സ്പിൽ ഓവർ പദ്ധതി അംഗീകരിക്കുന്നതിനുള്ള കുറിപ്പിലാണ് കടുത്ത അപാകതകൾ കണ്ടെത്തിയത്. ജില്ല പഞ്ചായത്ത് പ്രവൃത്തി പൂർത്തീകരിച്ച് സമർപ്പിച്ച 8.32കോടിയുടെ ബില്ലുകൾ ട്രഷറി റദ്ദാക്കിയതായി അംഗങ്ങൾക്ക് നൽകിയ കത്തിൽ രേഖപ്പെടുത്തിയത് വിവാദത്തിന് ഇടയാക്കി. അടുത്ത സാമ്പത്തിക വർഷത്തെ പദ്ധതിയിൽനിന്നും ഇൗ ബില്ലുകളുടെ തുക കണ്ടെത്തേണ്ടിവരുമെന്ന് ജില്ല പഞ്ചായത്ത്‌ സെക്രട്ടറി യോഗത്തെ അറിയിച്ചു. ആരുടെ കുഴപ്പങ്ങളാണ് കോടികൾ നഷ്ടപ്പെടുത്താൻ ഇടയാക്കിയതെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ജോൺതോമസ് കുറ്റക്കാർക്കെതിരെ നടപടിക്ക് ശിപാർശചെയ്യണമെന്നും ആവശ്യപ്പെട്ടു. ജില്ല ട്രഷറിയിൽ കാരണമന്വേഷിച്ചു പോയ ജില്ല പഞ്ചായത്ത് പ്രസിഡൻറിനെ ട്രഷറി ഓഫിസർ അപമാനിച്ചതിൽ നടപടി വേണമെന്നും ബിൽ മടക്കിയത് ഗൗരവമായി കാണണമെന്നും ജോജി ചെറിയാൻ മെംബർ ആവശ്യപ്പെട്ടു. ട്രഷറി ബിൽ സംബന്ധിച്ച ചർച്ച നടത്താൻ മേയ് ഏഴിന് വീണ്ടും യോഗം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.