പെരുമ്പാവൂരിലും അതിഥി തൊഴിലാളികളുടെ പ്രതിഷേധം

പെരുമ്പാവൂര്‍: ആവശ്യത്തിന് ഭക്ഷണം ലഭിച്ചില്ലെന്ന് ആരോപിച്ച് പെരുമ്പാവൂരിലും അതിഥി തൊഴിലാളികളുടെ പ്രതിഷേധ ം. പെരുമ്പാവൂര്‍ കണ്ടന്തറയിൽ 'ഭായി കോളനി' എന്നറിയപ്പെടുന്ന പ്രദേശത്തെ അതിഥി തൊഴിലാളികളാണ് തെരുവിലിറങ്ങി പ്രതിഷേധിച്ചത്. ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് ഞായറാഴ്ച അസിസ്റ്റൻറ് കലക്ടര്‍ എസ്. ഷാജഹാൻെറ നേതൃത്വത്തില്‍ താലൂക്ക് ഓഫിസില്‍ യോഗം ചേര്‍ന്ന് ഇതിനുള്ള കാര്യങ്ങള്‍ ഏകോപിപ്പിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച സമൂഹ അടുക്കള തുറന്ന് രാവിലെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചപ്പാത്തിയും വെജിറ്റേറിയന്‍ കറിയും നല്‍കിയിരുന്നു. എന്നാല്‍, വൈകീട്ട് മൂന്നായിട്ടും ഉച്ചഭക്ഷണം ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഇവര്‍ തെരുവിലിറങ്ങിയത്. തിങ്കളാഴ്ച മൂന്നിന് കലക്ടര്‍ കോളനി സന്ദര്‍ശിക്കാനിരിക്കെയാണ് ഇവര്‍ രംഗത്തിറങ്ങിയത്. സംഭവമറിഞ്ഞ് റൂറല്‍ എസ്.പിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. കുറഞ്ഞ അളവിലാണ് ഭക്ഷണം വിളമ്പിയതെന്നും കറി തുച്ഛവും രുചിയില്ലാത്തതുമാണെന്നും ഇവര്‍ കലക്ടറെ ധരിപ്പിച്ചു. കലക്ടറും എസ്.പിയും ഇവരുമായി ചര്‍ച്ച നടത്തവെ കെട്ടിടങ്ങളുടെ മുകളില്‍ ഇവര്‍ കൂടിനിന്ന് പ്രതിഷേധിക്കുകയായിരുന്നു. നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന 2000ത്തിലേറെ അതിഥി തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. വിവരമറിഞ്ഞ് വൈകീട്ട് നാലിന് മന്ത്രി വി.എസ്. സുനില്‍കുമാറും സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. ആവശ്യമായ ഭക്ഷണവും സൗകര്യങ്ങളും ഒരുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു. നോര്‍ത്ത്, സൗത്ത് ഇന്ത്യന്‍ വെജിറ്റേറിയന്‍ ഭക്ഷണമാണ് ഇവര്‍ക്ക് കൊടുക്കുന്നത്. മത്സ്യ-മാംസ ഭക്ഷണം ഇത്രയും പേര്‍ക്ക് നല്‍കാനാവില്ല. നാട്ടിലേക്ക് മടങ്ങണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. തല്‍ക്കാലം അത് നടക്കില്ലെന്ന് ഞായറാഴ്ചതന്നെ ഇവരെ അറിയിച്ചിരുന്നു. ഇവരെ തെരുവിലിറക്കാന്‍ ആരെങ്കിലും പ്രേരിപ്പിക്കുന്നതായി തെളിഞ്ഞാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. EKG PBVR Minister G. Sunilkumar പെരുമ്പാവൂര്‍ കണ്ടന്തറ 'ഭായി കോളനി' മന്ത്രി വി.എസ്. സുനില്‍കുമാര്‍ സന്ദര്‍ശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.