കൊച്ചി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുൺ മിശ്ര ഒരു വിധി പറഞ്ഞപ്പോൾ അത് ഇങ്ങനെയൊക്കെ ആയിത്തീരുമെന്ന് ആരും കരുതിയില്ല; പരാതിക്കാർപോലും. വിധി മാറ്റിക്കിട്ടാൻ ഹരജികൾ ഒഴുകിയപ്പോഴും നിലപാടിൽനിന്ന് അണുവിട മാറാതെ അരുൺ മിശ്ര ഉറച്ചുനിന്നു. ഒടുവിൽ നാല് ഫ്ലാറ്റുകളും നിലംപതിക്കുേമ്പാൾ തൻെറ ഒരു വിധിയെങ്കിലും കേരളം പൂർണമായി നടപ്പാക്കിയതോർത്ത് അദ്ദേഹം സന്തോഷിക്കുന്നുണ്ടാകും. കണ്ണൂർ കരുണ മെഡിക്കൽ കോളജ് പ്രവേശനം റദ്ദാക്കിയും സഭ കേസിലും താൻ പുറപ്പെടുവിച്ച വിധികൾ നടപ്പാക്കുന്നതിൽ താൽപര്യം കാണിക്കാത്ത കേരളം അരുൺ മിശ്രയുടെ നോട്ടപ്പുള്ളിയായി മാറിയിരുന്നു. തീരദേശ നിയമം ലംഘിച്ചതിന് മരട് പഞ്ചായത്ത് ഫ്ലാറ്റ് നിർമാതാക്കൾക്ക് നൽകിയ കാരണംകാണിക്കൽ നോട്ടീസ് റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ തീരദേശ പരിപാലന അതോറിറ്റി നൽകിയ ഹരജിയാണ് ആദ്യം മിശ്രയുടെ മുന്നിലെത്തിയത്. ഹൈകോടതി കേട്ടാൽ പോരേ എന്ന് അദ്ദേഹം ചോദിച്ചപ്പോൾ, കേസ് സുപ്രീംകോടതിതന്നെ പരിഗണിക്കണമെന്നതായിരുന്നു നിർമാതാക്കളുടെ നിലപാട്. പൊളിക്കേണ്ടിവരില്ലെന്നും പിഴ ഈടാക്കി നിയമസാധുത നൽകാൻ ഉത്തരവുണ്ടാകുമെന്നുമായിരുന്നു അവരുടെ പ്രതീക്ഷ. മുൻ അനുഭവം പലതും അങ്ങനെയായിരുന്നു. എന്നാൽ, കാര്യത്തിൻെറ ഗൗരവം മനസ്സിലാക്കിയ മിശ്ര, ഫ്ലാറ്റുകൾ പൊളിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. അത് എല്ലാവരെയും ഞെട്ടിച്ചു. വിധിക്കെതിരെ വ്യത്യസ്ത റിട്ട് ഹരജികൾ വന്നതും തൻെറ അസാന്നിധ്യത്തിൽ മറ്റൊരു ബെഞ്ചിൽനിന്ന് സ്റ്റേ വാങ്ങിയതും മിശ്രയെ കൂടുതൽ പ്രകോപിപ്പിച്ചു. ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി നിർത്തിപ്പൊരിച്ചു. വിധി നടപ്പാക്കിയിട്ട് വന്നാൽ മതിെയന്ന മട്ടിൽ തീർത്തുപറയേണ്ടിവന്നു ജഡ്ജിക്ക്. ഒടുവിൽ ഫ്ലാറ്റ് പൊളിക്കാൻ സ്വീകരിച്ച പ്രാഥമിക നടപടികളും വിധി നിശ്ചിത സമയപരിധിക്കകം നടപ്പാക്കുമെന്ന ഉറപ്പും കോടതിയെ ബോധ്യപ്പെടുത്തിയാണ് അരുൺ മിശ്രയുടെ മുന്നിൽ കേരളം തലയൂരിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.