ഡോക്​ടറുടെ 21 ലക്ഷം തട്ടിയെടുത്തു; ഉത്തരഖണ്ഡ്​ സ്വദേശി പിടിയിൽ

തൊടുപുഴ: ലോകാരോഗ്യ സംഘടനയുടെ പേരുപറഞ്ഞ് ഡോക്ടറുടെ പക്കൽനിന്ന് 21 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ഉത്തരഖണ്ഡ് സ്വദേശി പിടിയിൽ. റൂർക്കി സ്വദേശി വിപുൽകുമാർ ദഹിയ ആണ് (27) അറസ്റ്റിലായത്. തട്ടിപ്പ് സംഘത്തിൽ ഇനിയും ആളുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. യു.കെ സ്വദേശി ലോകാരോഗ്യ സംഘടനയും യുനീസെഫും വഴി കേരളത്തിൽ നടപ്പാക്കുന്ന 200 കോടിയുടെ കാരുണ്യ പ്രവർത്തന പദ്ധതിയുടെ പേരുപറഞ്ഞാണ് തട്ടിപ്പുകാർ ഡോക്ടർക്ക് ഇ-മെയിൽ അയച്ചത്. റിസർവ് ബാങ്ക് വഴിയാണ് ഇടപാടെന്നും ഡോക്ടർ മുഖാന്തരം കേരളത്തിൽ പണം െചലവഴിക്കാനാണ് ലക്ഷ്യമെന്നും ഇവർ പറഞ്ഞു. ഡോക്ടർ മെയിലിനോട് പ്രതികരിച്ചപ്പോൾ തട്ടിപ്പ് സംഘത്തിൽപെട്ടവർ ഡോക്ടറുടെ ഫോണിലേക്ക് വിളിച്ച് പണം ഇന്ത്യയിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനായി രണ്ടുലക്ഷം രൂപ അടയ്ക്കണമെന്ന് പറഞ്ഞു. അവർ പറഞ്ഞ അക്കൗണ്ട് നമ്പറിൽ പണമടച്ചു. പലപ്പോഴായി 21 ലക്ഷം രൂപ പല അക്കൗണ്ടുകളിലായി ഇട്ടു. വീണ്ടും ഒമ്പതുലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ തട്ടിപ്പെന്ന് സംശയം തോന്നിയ ഡോക്ടർ തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസിനെ സമീപിക്കുകയായിരുന്നു. അദ്ദേഹം അന്വേഷണം കരിമണ്ണൂർ പൊലീസിന് കൈമാറി. ഫോൺ നമ്പറും അക്കൗണ്ട് നമ്പറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പിൻെറ ഉറവിടം ഉത്തരേന്ത്യയാണെന്ന് വ്യക്തമായി. തുടർന്ന് എസ്.ഐ പി.ടി. ബിജോയിയും സീനിയർ സിവിൽ പൊലീസ് ഓഫിസർ വിജയാനന്ദ് സോമനും ഡൽഹിയിൽ പോയി. എന്നാൽ, ഡൽഹി വിലാസം വ്യാജമാണെന്ന് മനസ്സിലായതോടെയാണ് ഉത്തരഖണ്ഡിലേക്ക് പോയത്. ഇവിടെനിന്നാണ് ബി.ടെക് ബിരുദധാരിയായ പ്രതി പിടിയിലായത്. സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയതായി എസ്.ഐ പറഞ്ഞു. എസ്.എസ്.എഫ് പ്രതിഷേധ പ്രകടനം തൊടുപുഴ: പൗരത്വ ഭേദഗതി നിയമത്തിൽ ജാമിയ മില്ലിയ്യ, അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റി കാമ്പസുകളിൽ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച വിദ്യാർഥികളെ തല്ലിച്ചതച്ച ഭരണകൂട -പൊലീസ് കൂട്ടുകെട്ടിന് എതിരെ എസ്.എസ്.എഫ് തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി. എസ്.വൈ.എസ് ജില്ല കാബിനറ്റ് അംഗം ഷറഫുദ്ദീൻ ഉടുമ്പന്നൂർ ഉദ്ഘാടനം നിർവഹിച്ചു. ഇബ്രാഹീം പെരുമ്പിള്ളിച്ചിറ, ഹിബത്തുല്ലാഹ്, സുൽഫിഖർ അലി സഖാഫി, അജ്മൽ സഖാഫി, നിയാസ് സഖാഫി, മുഹമ്മദ് മുജീബ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.