കലാലയ വിദ്യാർഥികൾ ഇന്ന് തെരുവിലേക്ക്

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ ജില്ലയിലെ കലാലയ വിദ്യാർഥികൾ ബുധനാഴ്ച തെരുവിൽ അണിനിരക്കുന്നു. എ.ബി.വി.പി, എസ്.എഫ്.ഐ ഒഴികെയുള്ള കാമ്പസ് സംഘടനകളും മറ്റു വിദ്യാർഥികളും പ്രതിഷേധ മാർച്ചിൽ പങ്കെടുക്കും. സ്റ്റുഡൻറ്സ് യൂനിറ്റി ഓഫ് എറണാകുളം എന്ന പേരിൽ രാജേന്ദ്രമൈതാനത്തുനിന്ന് കലൂർ ആർ.ബി.ഐയിലേക്കാണ് ലോങ് മാർച്ച് നടത്തുക. ഉച്ചക്ക് 2.30ന് പൗരത്വ ഭേദഗതി ബിൽ കത്തിച്ച് പ്രതിഷേധം തുടങ്ങും. എസ്.എഫ്.ഐ ജില്ല കമ്മിറ്റി ബുധനാഴ്ച ആർ.ബി.ഐയിലേക്ക് മാർച്ച് നടത്തുന്നുണ്ട്. രാവിലെ 11.30ന് മഹാരാജാസ് കോളജിൽനിന്ന് ആരംഭിക്കും. ഒരു പ്രത്യേക പാർട്ടിയുടെയോ, സംഘടനയുടെയോ നേതൃത്വത്തിലല്ല പ്രതിഷേധമെന്ന് സമരപരിപാടിക്ക് രൂപംനൽകിയ എറണാകുളം ഗവ. ലോ കോളജിലെ വിദ്യാർഥികളായ സൈന റിനുവും ഷംന ഷെറിനും പറഞ്ഞു. ലോ കോളജ്, മഹാരാജാസ് കോളജ്, സൻെറ് തെരേസാസ്, സൻെറ് ആൽബർട്സ്, തേവര സേക്രഡ് ഹാർട്ട്, ആലുവ യു.സി കോളജ്, തൃക്കാക്കര ഭാരത് മാത കോളജ്, ഭാരത് മാത സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, മൂവാറ്റുപുഴ ഇലാഹിയ എൻജി. കോളജ്, ഇലാഹിയ ആർട്സ് കോളജ്, കുഴിവേലിപ്പടി കെ.എം.ഇ.എ കോളജ്, എടത്തല അൽ അമീൻ കോളജ്, കളമശ്ശേരി പോളിടെക്നിക് തുടങ്ങിയ കലാലയങ്ങളിലെ വിദ്യാർഥികൾ അണിനിരക്കും. മറ്റു കോളജുകളിൽനിന്നുള്ളവരും പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. ആർ.ബി.ഐക്കുസമീപം നടക്കുന്ന പ്രതിഷേധയോഗത്തിൽ എല്ലാ കാമ്പസിലെയും ഒാരോ പ്രതിനിധി സംസാരിക്കും. ചലച്ചിത്ര താരങ്ങളും എത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.