കുറ്റിയാർവാലി: വൻകിടക്കാരുടെ കൈകളിലായത്​ വനം ഗവേഷണ കേന്ദ്രത്തിന് തറക്കല്ലിട്ട പ്രദേശം

തൊടുപുഴ: മൂന്നാർ കുറ്റിയാർവാലിയിൽ വൻകിടക്കാർ ബിനാമി പേരിൽ പട്ടയം സംഘടിപ്പിച്ച് സ്വന്തമാക്കിയത് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങാൻ ഐ.എസ്.ആർ.ഒ പരിഗണിച്ചതും കെ.പി. വിശ്വനാഥൻ മന്ത്രിയായിരിക്കെ വനം ഗവേഷണ കേന്ദ്രത്തിന് തറക്കല്ലിട്ടതുമായ ഭൂപ്രദേശം. ലാൻഡ് ബോർഡ് അവാർഡ് പ്രകാരം റവന്യൂ വകുപ്പിൻെറ കൈവശമായിരുന്നെങ്കിലും വനമേഖലയോട് ചേർന്ന് കിടന്ന ഭൂമി അളന്നുതിരിച്ചിരുന്നില്ല. ഈ ഭൂമി 2009ൽ സി.പി.എം ഇടുക്കി ജില്ല നേതൃത്വത്തിന് വഴങ്ങി അന്നത്തെ റവന്യൂ-വനം മന്ത്രിമാരാണ് തീറെഴുതാൻ സമ്മതം മൂളിയത്. ഇതിന് തോട്ടം തൊഴിലാളികളെ മറയാക്കി പ്രത്യേക പദ്ധതിതന്നെ റവന്യൂവകുപ്പ് തയാറാക്കി. ഷോപ്പിങ് മാൾ, റോഡ്, ഹോസ്പിറ്റൽ അടക്കമാണ് വിഭാവനം ചെയ്തത്. ഭൂരഹിത തോട്ടംതൊഴിലാളികൾക്കെന്ന പേരിലായിരുന്നു ഭൂമി വിതരണം. എന്നാൽ, കെ.ഡി.എച്ച് വില്ലേജിലെ തമിഴ് തൊഴിലാളികളെന്ന പേരിൽ മരിച്ചവരുടെയും തമിഴ്നാട്ടിൽ സ്ഥലമുള്ളവരുടെയും കേരളത്തിൽ താമസമില്ലാത്തവരുടെയും അടക്കം പേരുകൾ നറുക്കിട്ടെടുത്ത് പട്ടയം നൽകുകയായിരുന്നു. 10 സൻെറിൻെറ പ്ലോട്ട് ഒന്നിന് എട്ടുലക്ഷം മുതൽ 10 ലക്ഷം രൂപ വരെ നൽകിയാണ് ഭൂമാഫിയ കൈവശപ്പെടുത്തിയത്. സൻെറിന് ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമിയാണ് ചുളുവിലയ്ക്ക് പട്ടയം ഉടമകളിൽനിന്ന് വാങ്ങിയെടുത്തത്. വൻകിടക്കാർക്കുവേണ്ടി ബിനാമികളാകാൻ തയാറായവർക്ക് ഒന്നരലക്ഷം മുതൽ മൂന്നുലക്ഷം രൂപ വരെ നൽകിയും തിരിച്ചെഴുതി. ഈ ഭൂമിയിൽ ഹോംസ്റ്റേ അടക്കമാണ് ഉയർന്നിട്ടുള്ളത്. 2009 ഒക്ടോബർ 26ന് കുറ്റിയാർവാലിയിലെ 10 സൻെറ് വീതം 77 ഏക്കർ സ്ഥലം 770 പേർക്ക് ആദ്യഘട്ടമായി വിതരണം ചെയ്യുകയായിരുന്നു. 2010 ഏപ്രിൽ ഒമ്പതിന് നാല് മന്ത്രിമാർ പങ്കെടുത്ത മേളയിൽ സർവേ നമ്പർ 622/2, 1264, 1265 എന്നിവിടങ്ങളിലായി കെ.ഡി.എച്ച് വില്ലേജിലായിരുന്നു ഭൂമി വിതരണം. 3818 പേർ അപേക്ഷ നൽകിയതിൽനിന്ന് 2330 പേർക്കാണ് സ്ഥലം അനുവദിച്ചത്. ഇതിൽ 10 സൻെറ് വീതം 770 പേർക്ക് നൽകിയതിലാണ് ക്രമക്കേട്. ശേഷിച്ചവർക്ക് അഞ്ചുസൻെറ് വീതം ഭൂമി കൈമാറുന്നത് തിങ്കളാഴ്ച തുടങ്ങി. ജനുവരി 31നകം ഭൂമി വിതരണം പൂർത്തിയാക്കാനാണ് നിർദേശം. അഷ്റഫ് വട്ടപ്പാറ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.