കേരള ബാങ്ക്​: വിമർശനങ്ങൾ രാഷ്​ട്രീയപ്രേരിത​ം​ -മന്ത്രി പി. തിലോത്തമൻ

കോട്ടയം: കേരള ബാങ്കിനെതിരായ വിമർശനങ്ങൾ തികച്ചും രാഷ്ട്രീയപ്രേരിതെമന്ന് മന്ത്രി പി. തിലോത്തമൻ. നാടിൻെറ നന്മയും പുരോഗതിയും കാംക്ഷിക്കുന്നവർ കേരള ബാങ്ക് രൂപവത്കരണത്തെ പിന്തുണക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. കേരളബാങ്ക് രൂപവത്കരണം ജില്ലതല ഉദ്ഘാടനം തിരുനക്കര മൈതാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. 21 കേസുകളാണ് കേരള ബാങ്കിനെതിരെ ഹൈകോടതിയിലുണ്ടായിരുന്നത്. ഇതു തള്ളിയാണ് കോടതി ബാങ്ക് രൂപവത്കരണവുമായി മുന്നോട്ടുപോകാൻ അനുമതി നൽകിയത്. സാധാരണക്കാരൻെറ കരുതലാണ് സഹകരണമേഖലയിലെ നിക്ഷേപം. ആ ജനകീയ സമ്പത്ത് കാത്തുസൂക്ഷിക്കുക എന്നത് സർക്കാറിൻെറ ബാധ്യതയാണ്. ഏകീകൃത ബാങ്കിങ് സംവിധാനം ഇല്ലാത്തതിനാൽ പുതുതലമുറയെ ആകർഷിക്കാൻ കഴിയുന്നില്ല. പുതുതലമുറ ഭൂരിഭാഗവും ന്യൂജനറേഷൻ ബാങ്കുകളെയാണ് സമീപിക്കുന്നത്. സഹകരണ ബാങ്കുകൾക്ക് കൂടുതൽ പ്രവാസിനിക്ഷേപം സ്വീകരിക്കാനോ സംസ്ഥാനത്തിന് പുറത്ത് മറ്റൊരു ബ്രാഞ്ച് ആരംഭിക്കാനോ കഴിയില്ല. കേരളബാങ്ക് വരുന്നതോടെ ഇതിന് പരിഹാരമാവും. ഏത് ഗ്രാമപ്രദേശത്തും സേവനം എത്തിക്കാനും കൂടുതൽ പ്രഫഷനൽ ആകാനും കഴിയുമെന്നും മന്ത്രി പറഞ്ഞു. മുന്‍ എം.എല്‍.എ വി.എൻ. വാസവൻ വിഷയാവതരണം നിർവഹിച്ചു. പ്രാഥമിക കാര്‍ഷിക സഹകരണ സംഘം മാനേജ്‌മൻെറ് അസോസിയേഷന്‍ ജില്ല സെക്രട്ടറി കെ. ജയകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് സതീഷ് ചന്ദ്രബോസ്, കോട്ടയം അര്‍ബന്‍ സഹകരണബാങ്ക് ചെയര്‍മാന്‍ ടി.ആര്‍. രഘുനാഥന്‍, ജോയൻറ് ഡയറക്ടര്‍ (ഓഡിറ്റ്) എന്‍. പ്രദീപ്കുമാര്‍, ടി.എന്‍. മനോജ്, ആര്‍. ബിജു, ജോയൻറ് രജിസ്ട്രാര്‍ (ജനറല്‍) വി. പ്രസന്നകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.