കെ.എസ്​.ആർ.ടി.സിയിൽ തലതിരിഞ്ഞ പരിഷ്​കാരം

കോട്ടയം: ശമ്പളംപോലും നൽകാനാവാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുേമ്പാഴും ബസുകളുടെ സമയവും റൂട്ടും മാറ്റി കെ.എസ്.ആർ.ടി.സി ഓപറേഷൻസ് വിഭാഗം നടപ്പാക്കിയ തലതിരിഞ്ഞ പരിഷ്കാരം യാത്രക്കാരെയും ജീവനക്കാരെയും ഒന്നുപോലെ വലക്കുന്നു. മികച്ച കലക്ഷൻ ലഭിച്ചിരുന്ന നിരവധി സർവിസുകൾ സമയമാറ്റത്തിലൂടെ നഷ്ടത്തിലായെന്നാണ് റിപ്പോർട്ട്. ഇതിലൂടെ പല ബസുകളുടെയും കലക്ഷൻ പകുതിയായതായി ഡിപ്പോ അധികൃതർ ചീഫ് ഓഫിസിന് നൽകിയ റിപ്പോർട്ടിലും കുറ്റപ്പെടുത്തുന്നു. 16,000 മുതൽ 22,000 രൂപവരെ പ്രതിദിന കലക്ഷൻ ലഭിച്ചിരുന്ന സർവിസുകളുടെ സമയമാണ് മുന്നറിയിപ്പില്ലാതെ മാറ്റിയത്. പ്രതിദിന വരുമാനത്തിൽ 75-80 ലക്ഷത്തിൻെറ വരെ കുറവുണ്ടെന്നാണ് കണക്ക്. ഉത്തരവ് ലഭിച്ചപ്പോഴാണ് ഡിപ്പോ അധികൃതർപോലും സമയമാറ്റം അറിയുന്നത്. ഇതിൽ ജീവനക്കാരും കടുത്ത അതൃപ്തിയിലാണ്. ലാഭകരമായ സർവിസുകൾ നഷ്ടത്തിലാക്കി ഇല്ലാതാക്കാനുള്ള ഉന്നതതല നീക്കമാണ് ഇതിനുപിന്നിലെന്ന് ജീവനക്കാർ ആരോപിക്കുന്നു. ലാഭകരമായി ഓടിയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസുകളുടെ സമയവും റൂട്ടുമാണ് ഓപറേഷൻസ് വിഭാഗം എക്സിക്യൂട്ടിവ് ഡയറക്ടർ ഏകപക്ഷീയമായി മാറ്റിമറിച്ചത്. സി.എം.ഡിയുടെയോ വകുപ്പുമന്ത്രിയുടെയോ അനുമതി ഇല്ലാത്ത പരിഷ്കാരം സ്വകാര്യ ദീർഘദൂര ബസ് ലോബിയെ സഹായിക്കാനാണെന്ന് ജീവനക്കാരും യൂനിയൻ നേതൃത്വവും ആരോപിക്കുന്നു. സമയം മാറ്റിയതോടെ പല റൂട്ടുകളിലും യാത്രക്ലേശവും രൂക്ഷമാണ്. പകൽ ഓടിയിരുന്ന ബസുകളെല്ലാം ഇപ്പോൾ പാതിരാത്രിയിലാണ്. അവസാന ട്രിപ്പായി ഓടിയിരുന്ന ചില സർവിസുകളും ഇതിൽ ഉൾപ്പെടും. മാറ്റത്തിനെതിരെ യാത്രക്കാരും ജീവനക്കാരും പരാതി നൽകിയെങ്കിലും നടപടിയായിട്ടില്ല. സ്വകാര്യ ബസുകളിൽനിന്ന് ഏറ്റെടുത്ത ടേക്ക്ഓവർ സർവിസുകളും ഇത്തരത്തിൽ അട്ടിമറിച്ചിട്ടുണ്ട്. ടേക്ക് ഓവർ സർവിസുകൾ ഒരുകാരണവശാലും നിർത്തുകയോ സമയം മാറ്റുകയോ ചെയ്യരുതെന്ന ഹൈകോടതി ഉത്തരവും അട്ടിമറിച്ചതായി ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ലാഭകരമായി ഓടിയിരുന്ന മലബാർ സർവിസുകളാണ് ഇപ്പോൾ അപ്രത്യക്ഷമായത്. ചില സർവിസുകൾ മറ്റ് ഡിപ്പോകളിേലക്ക് മാറ്റുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള ഇത്തരം സർവിസുകൾ നഗരഡിപ്പോകൾക്ക് നൽകിയതും കലക്ഷനെ ബാധിച്ചെന്നാണ് റിപ്പോർട്ട്. ഇതും സ്വകാര്യ ബസ് ലോബിയെ സഹായിക്കുന്നതാണ്. ഹൈറേഞ്ച് സർവിസുകളും നിർത്തലാക്കിയതിൽ ഉൾപ്പെടും. ഇതെല്ലാം സ്വകാര്യബസുകളിൽനിന്ന് ഏറ്റെടുത്ത പെർമിറ്റുകളാണ്. കെ.എസ്.ആർ.ടി.സി ബസുകൾ നിർത്തിയതോടെ പത്ത് മിനിറ്റ് പിന്നിൽ ഓടിയിരുന്ന സ്വകാര്യബസുകൾക്കെല്ലാം ഇപ്പോൾ റെക്കോഡ് വരുമാനമാണ്. സി.എ.എം. കരീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.