ഉദ്യോഗസ്ഥർക്കെതിരെ പൊട്ടിത്തെറിച്ച്​ കലക്ടർ: ഉദ്യോഗസ്ഥരിൽനിന്ന് പണം ഇൗടാക്കി റോഡ്​ നന്നാക്കുമെന്ന് മുന്നറിയിപ്പ്​

കാക്കനാട്: തകർന്ന റോഡുകൾ നന്നാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ല കലക്ടർ എസ്. സുഹ ാസ്. റോഡുകൾ സഞ്ചാര്യയോഗ്യമല്ലാത്തതിനെ തുടർന്ന് പൊതുജനങ്ങളുടെ പഴി കേൾക്കേണ്ടി വരുന്നത് താനാണ്. റോഡുകൾ ഇനിയും അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ തനിക്ക് നേരിട്ട് നടത്തേണ്ടി വരുമെന്നും ഇതിനായി ചെലവാകുന്ന തുക കലക്ടറുടെ മജിസ്റ്റീരിയൽ പദവി ഉപയോഗിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് ഈടാക്കേണ്ടി വരുമെന്നും പറഞ്ഞ് അദ്ദേഹം ക്ഷോഭിച്ചു. ജില്ലയിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കുന്നതിന് വിവിധ വകുപ്പുകൾക്ക് അനുവദിച്ചിരുന്ന സമയപരിധി അവസാനിച്ച സാഹചര്യത്തിൽ സിവിൽ സ്റ്റേഷനിൽ വിളിച്ച് ചേർത്ത ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് കലക്ടർ കടുത്ത രീതിയിൽ പ്രതികരിച്ചത്. കലൂർ - പാലാരിവട്ടം, കതൃക്കടവ്- തമ്മനം, കാക്കനാട് - പാലാരിവട്ടം, ഇടപ്പള്ളി - ചേരാനല്ലൂർ - കളമശ്ശേരി, വൈറ്റില - കുണ്ടന്നൂർ - പൊന്നുരുന്നി, പുല്ലേപ്പടി, അരൂർ - വൈറ്റില, മരട് - കുണ്ടന്നൂർ, സീപോർട്ട്- എയർപോർട്ട്, കരിങ്ങാച്ചിറ - തിരുവാങ്കുളം, വൈക്കം - പൂത്തോട്ട, എറണാകുളം- വൈപ്പിൻ, ഓൾഡ് തേവര - ഫോർ ഷോർ റോഡ്, വളഞ്ഞമ്പലം - രവിപുരം തുടങ്ങി 45 റോഡുകളുടെ സ്ഥിതിയാണ് അവലോകന യോഗത്തിൽ ചർച്ച ചെയ്തത്. പണിക്ക് മുമ്പും ശേഷവുമുള്ള റോഡുകളുടെ സ്ഥിതി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ചിത്രങ്ങൾ സഹിതം വിശദമാക്കണമെന്നായിരുന്നു കലക്ടറുടെ നിർദേശം. ഇവ പരിശോധിക്കാൻ എറണാകുളം ഡി.സി.പിയോട് കലക്ടർ ആവശ്യപ്പെട്ടു. പൊലീസിൽനിന്ന് റിപ്പോർട്ട് തേടുന്നതിനു പുറമേ കണ്ണിൽ പൊടിയിടാനുള്ള മറ മാത്രമാണോ എന്ന് കലക്ടർ നേരിട്ടെത്തിയും പരിശോധിക്കും. ചിലയിടങ്ങൾ കഴിഞ്ഞ ദിവസം നേരിട്ട് സന്ദർശിച്ചെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, യോഗത്തിൽ പങ്കെടുത്ത മിക്ക ഉദ്യോഗസ്ഥരുടെയും വാക്കുകളിൽ മിക്കവാറും റോഡുകളിലെയും കുഴികളടച്ചിട്ടുണ്ടെങ്കിലും യാഥാർഥ്യം നേർവിപരീതമാണ്. മിക്കവാറും റോഡുകളിലും കുഴിയടക്കൽ അവലോകന യോഗത്തിന് വേണ്ടിനടന്ന പ്രഹസനം മാത്രമായിരുന്നുവെന്നതിൻെറ തെളിവാണ് പലയിടത്തും നന്നാക്കിയ ശേഷവും തകർന്ന റോഡുകൾ. അതേസമയം ഇടക്കിടെ മഴ പെയ്യുന്നത് പണിക്ക് തടസ്സമുണ്ടാക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. പകൽ ഗതാഗതം നിർത്തിവെക്കാനുമാകില്ല. ഒറ്റവരിയായി വാഹനം കടത്തിവിട്ടാണ് പലയിടത്തും അറ്റകുറ്റപ്പണി നടത്തിയത്. പലയിടത്തും രാത്രി കാലങ്ങളിൽ അറ്റകുറ്റപ്പണികൾക്കുള്ള അനുമതി ലഭിക്കാത്തതും പ്രതികൂലമായി ബാധിക്കുന്നു. ഇനിയും ശേഷിക്കുന്ന റോഡുകൾ സെപ്റ്റംബർ 24, 25 തീയതികളിൽ രാത്രി 10 മുതൽ ആറുവരെ പണി നടത്തി ഗതാഗതയോഗ്യമാക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കലക്ടറുടെ ബംഗ്ലാവിന് മുന്നിലെ റോഡിലെ കുഴികൾ ഇപ്പോഴും അറ്റകുറ്റപ്പണി നടത്താത്ത അവസ്ഥയാണുള്ളത്. പൊതുമരാമത്ത് വകുപ്പ്, നാഷനൽ ഹൈവേ, കെ.എം.ആർ.എൽ, ആർ ആൻഡ് ബി.സി, പൊലീസ്, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ അടക്കം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.