നെടുമ്പാശ്ശേരി: പ്രളയവും ഉരുൾപൊട്ടലും മൂലമുണ്ടായ നാശനഷ്ടം വിലയിരുത്താൻ കേന്ദ്രസംഘം കൊച്ചിയിലെത്തി. ആഭ്യന്ത ര മന്ത്രാലയത്തിലെ ജോയൻറ് സെക്രട്ടറി ശ്രീപ്രകാശിൻെറ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണെത്തിയത്. കേന്ദ്ര മാനദണ്ഡപ്രകാരം തയാറാക്കിയ 2101.9 കോടിയുടെ നാശനഷ്ടം സംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന ദുരിതാശ്വാസ കമീഷണർ ഡോ. വി. വേണു കേന്ദ്രസംഘത്തിന് സമർപ്പിച്ചു. അടുത്തടുത്ത വർഷങ്ങളിൽ അതിതീവ്ര മഴ മൂലമുള്ള ദുരന്തം 68 വർഷത്തിനിടയിൽ ആദ്യമായാണ് കേരളം നേരിടുന്നതെന്ന് ദുരന്തനിവാരണ അതോറിറ്റി കേന്ദ്രസംഘത്തെ അറിയിച്ചു. അതിനാൽ സാധാരണയിൽനിന്ന് വ്യത്യസ്തമായി കേരളത്തിന് ഈ വർഷം പ്രത്യേക പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടു. കവളപ്പാറയിലെയും പുത്തുമലയിലെയും രണ്ട് വലിയ ഉരുൾപൊട്ടലിൽ കേരളത്തിന് നഷ്ടമായത് 76 ജീവനാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 31,000 ഹെക്‌ടർ കൃഷിനാശമുണ്ടായി. കേന്ദ്ര മാനദണ്ഡപ്രകാരം 41 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. ജലസേചന മേഖലയിൽ 116 കോടി, വൈദ്യുതി മേഖലയിൽ 103 കോടി, പൊതുമരാമത്ത് റോഡുകൾക്കും പാലങ്ങൾക്കും 205 കോടി, തദ്ദേശ സ്ഥാപങ്ങളുടെ കീഴിലുള്ള നിർമിതികൾക്ക് 170 കോടി എന്നിങ്ങനെയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ സന്ദർശനം നടത്തുന്ന കേന്ദ്രസംഘം ഈ മാസം 20ന് തിരുവന്തപുരത്ത് മുഖ്യമന്ത്രി, റവന്യൂമന്ത്രി എന്നിവരെ സന്ദർശിച്ചശേഷം മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.