കൊച്ചി: ന്യൂനപക്ഷ പദവിയുള്ള സ്കൂളുകൾക്കും സി.ബി.എസ്.ഇ പോലുള്ള പരീക്ഷ ബോർഡുകളുടെ അഫിലിയേഷൻ ലഭിക്കണമെങ്കിൽ സംസ്ഥാന സർക്കാറിൻെറ അംഗീകാരം അനിവാര്യമാണെന്ന് ഹൈകോടതി. സർക്കാർ അംഗീകാരം സംബന്ധിച്ച നിബന്ധന സി.ബി.എസ്.ഇ അഫിലിയേഷൻ നിയമാവലിയുടെ ഭാഗമാണ്; വിദ്യാഭ്യാസ നിയമത്തിലെ വ്യവസ്ഥയല്ല. അതിനാൽ, 2009ലെ വിദ്യാഭ്യാസനിയമം ന്യൂനപക്ഷ പദവിയുള്ള സ്കൂളുകൾക്ക് ബാധകമല്ലെന്ന വിധിയുടെ പേരിൽ അഫിലിയേഷനുമായി ബന്ധപ്പെട്ട ബോർഡിൻെറ വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നതിൽനിന്ന് സ്കൂൾ മാനേജ്മൻെറുകൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സർക്കാർ അംഗീകാരമില്ലാത്തതിനാൽ നിരസിച്ച സ്കൂൾ മാനേജ്മൻെറിൻെറ അഫിലിയേഷൻ അേപക്ഷ വീണ്ടും പരിഗണിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ഡിവിഷൻ ബെഞ്ചിൻെറ നിരീക്ഷണം. സി.ബി.എസ്.ഇ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. എറണാകുളം വാഴക്കുളം മുല്ലപ്പുഴച്ചാൽ ബത്ലഹേം ഇൻറർനാഷനൽ സ്കൂൾ മാനേജർ നൽകിയ ഹരജിയിലാണ് സംസ്ഥാന സർക്കാറിൽനിന്നുള്ള എൻ.ഒ.സി പരിഗണിക്കാതെതന്നെ അഫിലിയേഷൻ നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവുണ്ടായത്. ന്യൂനപക്ഷ വിദ്യാഭ്യാസ അവകാശമുള്ള സ്കൂൾ എന്ന നിലയിൽ വിദ്യാഭ്യാസ അവകാശ നിയമപ്രകാരമുള്ള അനുമതിയുടെ ആവശ്യമില്ലെന്നായിരുന്നു മാനേജ്മൻെറ് വാദം. ക്ലാസുകൾ നടന്നുവരുന്ന സ്കൂളിന് അഫിലിയേഷൻ ഉണ്ടോ ഇല്ലയോ എന്ന് നോക്കാതെതന്നെ സി.ബി.എസ്.ഇ അഫിലിയേഷൻ നൽകുന്നതാണ് കീഴ്വഴക്കമെന്നും വാദിച്ചു. എന്നാൽ, ഹരജിക്കാരുടെ സ്കൂളിന് ഒന്നുമുതൽ നാലുവരെ ക്ലാസുകൾക്ക് മാത്രമാണ് സർക്കാർ അംഗീകാരം നൽകിയതെന്നായിരുന്നു സി.ബി.എസ്.ഇയുടെ വാദം. അഞ്ചാംക്ലാസ് തുടങ്ങണമെങ്കിൽ മിഡിൽ ക്ലാസ് സിലബസ് പ്രകാരമുള്ള സി.ബി.എസ്.ഇയുടെ താൽക്കാലിക അനുമതിയോ അഫിലിയേഷനോ വേണ്ടതുണ്ട്. ഔദ്യോഗിക അനുമതിയില്ലാതെതന്നെ എട്ടാംക്ലാസിലുൾപ്പെടെ സി.ബി.എസ്.ഇ പാറ്റേണിൽ ക്ലാസുകൾ ആരംഭിച്ച ശേഷമാണ് സർക്കാർ അംഗീകാരമില്ലാതെ അപേക്ഷിച്ചതെന്നും അതിനാൽ അഫിലിയേഷൻ നൽകാനാവില്ലെന്നും സി.ബി.എസ്.ഇ ചൂണ്ടിക്കാട്ടി. ക്ലാസ് ആരംഭിച്ചശേഷം സർക്കാറിൻെറ അംഗീകാരമില്ലാതെ അഫിലിയേഷൻ അപേക്ഷ നൽകാൻ നിയമപരമായി കഴിയാത്തതിനാൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കുന്നതായി കോടതി വ്യക്തമാക്കി. അംഗീകാരമില്ലാത്ത ക്ലാസുകൾ നിർത്തിവെക്കണം. സംസ്ഥാന സർക്കാറിൻെറ അംഗീകാരം ലഭിച്ചശേഷം വീണ്ടും അഫിലിയേഷൻ അപേക്ഷ നൽകാം. ഇത് സി.ബി.എസ്.ഇ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.