പാലാരിവട്ടം പാലം: നേരത്തേ തീരുമാനിച്ചത് 18.5 കോടിയുടെ അറ്റകുറ്റപ്പണി

കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചുപണിയേണ്ടി വരുമെന്ന ഇ.ശ്രീധരൻെറ നിർദേശപ്രകാരമുള്ള തീരുമാനം തിങ്കളാഴ്ച മുഖ്യ മന്ത്രി പ്രഖ്യാപിച്ചെങ്കിലും ആദ്യം തീരുമാനിച്ചത് അറ്റകുറ്റപ്പണി നടത്തി തുറന്നുകൊടുക്കാൻ. ജൂലൈ നാലിന് ശ്രീധരൻ മുഖ്യമന്ത്രിക്ക് സമർപ്പിച്ച റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ 18.5 കോടി ചെലവിട്ട് 10 മാസത്തിനകം അറ്റകുറ്റപ്പണി നടത്താനും പിന്നീട് പാലം തുറന്നുകൊടുക്കാനുമായിരുന്നു നീക്കം. അന്ന് അദ്ദേഹം സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ പാലം നിർമാണത്തിലെ അതീവ ഗുരുതര ക്രമക്കേടുകളാണ് അക്കമിട്ട് നിരത്തിയിരുന്നത്. കോൺക്രീറ്റ് നിലവാരം കുറഞ്ഞതാണെന്നും നിർമാണത്തിന് വേണ്ടത്ര സിമൻറും കമ്പിയും ഉപയോഗിച്ചിട്ടില്ലെന്നും പ്രത്യേകതരം പെയിൻറിങ് നടത്തിയതിനാൽ വിള്ളലുകളുടെ തീവ്രത അളക്കാനാവുന്നില്ലെന്നുമുൾെപ്പടെ ശ്രീധരൻ അന്ന് പഠനത്തിൽ കണ്ടെത്തിയിരുന്നു. ഗുരുതര പ്രശ്നങ്ങളാണെങ്കിലും പാലം പൂർണമായും പൊളിക്കേണ്ടിവരില്ലെന്ന നിലപാടായിരുന്നു അദ്ദേഹം തുടക്കം മുതൽ സ്വീകരിച്ചിരുന്നത്. ഇതിൻെറ അടിസ്ഥാനത്തിൽ പാലം അറ്റകുറ്റപ്പണി നടത്തി ജൂലൈ അഞ്ചിന് തുറന്നുകൊടുക്കാമെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു. എന്നാൽ, ഇത് മതിയാവില്ലെന്ന തരത്തിലാണ് പുതിയ പ്രഖ്യാപനം. ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികൊണ്ടോ പുനരുദ്ധാരണം കൊണ്ടോ പാലത്തിനുണ്ടായ അടിസ്ഥാനപരമായ ബലക്ഷയം ഇല്ലാതാക്കാൻ കഴിയില്ലെന്നാണ് ഇ.ശ്രീധരൻ ഏറ്റവുമൊടുവിൽ സർക്കാറിന് നൽകിയ ഉപദേശം. ചെന്നൈ ഐ.ഐ.ടിയുടെ അന്തിമ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇ.ശ്രീധരനും തമ്മിൽ നടത്തിയ ചർച്ചക്കുശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പൊളിക്കൽ പ്രഖ്യാപനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.