ഇരിങ്ങാലക്കുട: സിനിമ തിയറ്ററിൻെറ പാർക്കിങ് സ്ഥലത്തെ െചാല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് തിയറ്റര്‍ ഉടമയുടെ ആക്രമണത്തിൽ അയല്‍വാസി കൊല്ലപ്പെട്ടു. മാപ്രാണം വര്‍ണ തിയറ്ററിന് പിറകുവശത്ത് താമസിക്കുന്ന തളിയക്കോണം വാലത്തുവീട്ടില്‍ രാജനാണ് (63) മരിച്ചത്. ഇയാളുടെ മരുമകന്‍ വിനോദ് പരിക്കേറ്റ് ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 12 ഓടെയാണ് സംഭവം. തിയറ്ററിലേക്കുള്ള വാഹനങ്ങള്‍ വര്‍ണ പിറകുവശത്തെ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തിയറ്റർ ഉടമ ഇരിങ്ങാലക്കുട പേഷ്‌കാര്‍ റോഡില്‍ താമസിക്കുന്ന സഞ്ജയ് രവിയും അവിടെ താമസക്കാരനായ കൊല്ലപ്പെട്ട രാജൻെറ മരുമകന്‍ വിനോദുമായി രാത്രി ഒമ്പതരയോടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കോപം ശമിക്കാത്ത സഞ്ജയ് രവി മൂന്നുപേർക്കൊപ്പം ഓട്ടോറിക്ഷയിൽ സ്ഥലത്തെത്തി വിനോദിൻെറ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തി. ബഹളം കേട്ട് അടുത്ത വീട്ടില്‍ താമസിക്കുന്ന വിനോദിൻെറ ഭാര്യാപിതാവ് വാലത്ത് രാജന്‍ പുറത്തിറങ്ങിയപ്പോള്‍ സഞ്ജയ് രവിയും സംഘവും ഇയാളെ വടിവാൾ കൊണ്ട് വെട്ടിയെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ പറഞ്ഞു. കത്തിക്കുത്തേറ്റാണ് വിനോദിന് പരിക്ക്. ഇരുവരെയും ഉടന്‍ മാപ്രാണം ലാല്‍ ആശുപത്രിയിലും തൃശൂര്‍ എലൈറ്റ് ആശുപത്രിയിലും എത്തിച്ചു. ഗുരുതര പരിക്കേറ്റ രാജന്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. ആക്രമണം നടത്തിയ തിയറ്റര്‍ ഉടമയും സംഘവും ഒളിവിലാണ്. സംഭവത്തില്‍ രോഷാകുലരായി തിയറ്റര്‍ ഉപരോധിച്ച നാട്ടുകാരെ സി.ഐ പി.ആര്‍. ബിജോയ്, എസ്.ഐ കെ.എസ്. സുബിന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിന്തിരിപ്പിച്ചു. തിയറ്ററിലേക്കുള്ള വാഹനങ്ങള്‍ റോഡില്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മേഖലയില്‍ നിരന്തരം തര്‍ക്കം ഉണ്ടാകാറുള്ളതായി നാട്ടുകാര്‍ പറഞ്ഞു. പാര്‍ക്കിങ് സൗകര്യമില്ലാതെ തിയറ്റര്‍ നടത്തുന്ന വിഷയം നഗരസഭ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് കൗണ്‍സിലര്‍ സി.സി. ഷിബിന്‍ പറഞ്ഞു. ഏതാനും വര്‍ഷം മുമ്പാണ് ഇരിങ്ങാലക്കുട സ്വദേശി സഞ്ജയ് രവി വര്‍ണ തിയറ്റര്‍ വാടകക്കെടുത്ത് നടത്താന്‍ ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.