ഓണക്കാഴ്​ച

ഉടുത്തൊരുങ്ങാൻ വസ്ത്രവിപണി കൊച്ചി: കാണം വിറ്റും ഓണമുണ്ണണമെന്ന് പറയുമെങ്കിലും മലയാളിക്ക് ഇപ്പോൾ ഊണുപോലെ തന്നെ പ്രധാനമാണ് ഓണക്കാലത്തെ ഉടുക്കലും. പുത്തൻ മണക്കുന്ന കോടിയില്ലാതെ ഓണത്തെ വരവേൽക്കാനാവില്ല. ഓണക്കാലത്ത് വസ്ത്രവ്യാപാരശാലകളിലെല്ലാം തിരക്കായി. ഖാദി, കൈത്തറിമേളകൾ വേറെ. മാറിയ ഫാഷനും ശൈലിയിലെ പുതുമകളുമാണ് വസ്ത്രവിപണിയിലെയും ആകർഷണം. മുരടിപ്പ് മാറി വിപണി സജീവമായിത്തുടങ്ങിയെന്ന് വ്യാപാരികൾ പറയുന്നു. ഓണപ്പുടവകൾക്കാണ് ഡിമാൻഡ് കൂടുതൽ. സെറ്റ് സാരികളും സെറ്റ് മുണ്ടുകളും പ്രധാന വിൽപനശാലകളിലെല്ലാം നിറഞ്ഞു. സിൽവർ ബോർഡറുള്ളത്, സിൽവർ വിത്ത് ബ്ലാക്ക് ബോർഡർ, സിൽവർ വിത്ത് ഗോൾഡൻ ബോർഡർ എന്നിങ്ങനെ പല വിധത്തിൽ ഇവ ലഭ്യമാണ്. സെറ്റ് സാരികൾ 300 രൂപ മുതൽ 5000 വരെയും സെറ്റ് മുണ്ടുകൾ 300 മുതൽ 3000 വരെയുമാണ് വില. സെറ്റ് മുണ്ടും ഷർട്ടും ഒരുമിച്ചുള്ളതുമുണ്ട്. 1000 മുതൽ 3000 വരെയാണ് വില. കുട്ടികൾക്കുള്ള പട്ടുപാവാട, കുട്ടികളുടെയും മുതിർന്നവരുടെയും ജുബ്ബ സെറ്റ്, ഒട്ടിക്കുന്ന മുണ്ട് എന്നിവക്കും ആവശ്യക്കാർ ഏറെയാണെന്ന് പെരുമ്പാവൂരിലെ ഓപ്ഷൻസ് ടെക്സ്ൈറ്റൽസ് എം.ഡി കെ.എ. മുഹമ്മദ് പറഞ്ഞു. പട്ടുപാവാടക്ക് 200 മുതൽ 1500 രൂപ വരെയും ഒട്ടിക്കുന്ന മുണ്ടുകൾക്ക് കുട്ടികളുടേതിന് 200 മുതൽ 2000 വരെയും മുതിർന്നവരുടേതിന് 500 മുതൽ 2000 വരെയുമാണ്. ഇൻറർനെറ്റിൽനിന്നെടുത്തതോ പൊതുചടങ്ങുകളിൽനിന്ന് പകർത്തിയതോ ആയ ചിത്രങ്ങളുമായാണ് പലരും മോഡലുകൾ അന്വേഷിച്ചെത്തുന്നത്. ബെഡ്ഷീറ്റും ഷർട്ടും മുണ്ടും ഉൾപ്പെടെ വസ്ത്രങ്ങൾ കുറഞ്ഞവിലയ്ക്കും ലഭ്യമാക്കുന്നുണ്ട്. സമ്മാനങ്ങൾ, സമ്മാനക്കൂപ്പണുകൾ തുടങ്ങിയ ഓഫറുകളുമുണ്ട്. ഓണപ്പുടവ സമ്മാനമായി നൽകുന്ന കമ്പനികൾക്കും വ്യക്തികൾക്കും പ്രത്യേക ഓഫർ ഏർപ്പെടുത്തിയതായി സീമാസ് എം.ഡി കെ.പി. അലിയാർ പറഞ്ഞു. ഉപഭോക്താക്കൾക്ക് സീമാസ് ഓണം ഷോപ്പിങ് ഫെസ്റ്റും സംഘടിപ്പിച്ചിട്ടുണ്ട്. പ്രത്യേക തീമുകളെ അടിസ്ഥാനമാക്കി സെറ്റ് സാരിയും സെറ്റ് മുണ്ടും രൂപകൽപന ചെയ്തുനൽകുന്ന ഷോറൂമുകളുമുണ്ട്. ലക്നോയുടെ പരമ്പരാഗത ശൈലിയിലുള്ള രൂപകൽപനയോടുകൂടിയ സെറ്റ്സാരികളാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് മിലൻ ഡിസൈൻ എം.ഡി ഷേർളി പറഞ്ഞു. 3500 മുതൽ 25,000 രൂപ വരെയാണ് വില. എറണാകുളം ശിവക്ഷേത്ര മൈതാനിയിലെ കൈത്തറിമേള, ബോട്ട്ജെട്ടി ഹാൻറക്സ് എംപോറിയത്തിലെ കൈത്തറി, കസവ് വസ്ത്രമേള, കലൂർ ഖാദി ഗ്രാമസൗഭാഗ്യയിലെ ഖാദിമേള എന്നിവിടങ്ങളിലും തിരക്കും വിൽപനയും കൂടിത്തുടങ്ങിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.