വെള്ളപ്പൊക്കം: കനാൽ നിർമിക്കണമെന്നാവശ്യപ്പെട്ട്​ നിവേദനം

കാലടി: നെടുമ്പാശ്ശേരി എയർപോർട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരമായി സർക്കാർ ഏജൻസിയായ കിറ്റ്കോ നിർദേശിച്ച ഡൈവർഷൻ കനാൽ പണിയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൃഷി മന്ത്രിയും എയർപോർട്ട് ഡയറക്ടർ ബോർഡ് അംഗവുമായ വി.എസ് സുനിൽകുമാറിന് നിവേദനം നൽകി. ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ റോജി എം. ജോൺ, അൻവർ സാദത്ത,് കാഞ്ഞൂർ പഞ്ചായത്ത് ഭരണസമിതി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിവേദനം നൽകിയത്. പെരിയാറിൻെറ കൈവഴിയായ ചെങ്ങൽതോട്ടിൽനിന്ന് നായത്തോട്തുറ വഴി മാഞ്ഞാലി തോട്ടിലേക്ക് വെള്ളം എത്തിക്കാനാണ് കനാൽ പണിയണമെന്ന നിർദേശം കിറ്റ്കോ മുന്നോട്ടുെവച്ചത്. ഇതിന് പതിനഞ്ചോളം വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്ന പ്രവൃത്തി സർക്കാർ ചെയ്യണമെന്നാണ് വിമാനത്താവള അധികൃതരുടെ നിലപാട്. കലക്ടറേറ്റിൽ യോഗം വിളിച്ചുചേർക്കണമെന്ന് എം.പിയും എം.എൽ.എമാരും ആവശ്യപ്പെട്ടു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്്ദുൽ മുത്തലിബ്, പഞ്ചായത്ത് പ്രസിഡൻറ് എം.പി. ലോനപ്പൻ, വൈസ് പ്രസിഡൻറ് ഹണി ഡേവീസ്, വികസന സ്ഥിരം സമിതി അധ്യക്ഷൻ സെബാസ്റ്റ്യൻ പോൾ, ആക്ഷൻ കൗൺസിൽ ഭാരവാഹികളായ സമദ് നെടുമ്പാശ്ശേരി, പി.എച്ച്. നൗഷാദ്, ജോർജ് ഒണാട്ട്, റിജോ പടയാട്ടി തുടങ്ങിയവരും നിവേദക സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.