ലഹരി വിൽപന ആരോപിച്ച്​ഇതര സംസ്ഥാന കച്ചവടക്കാരെ വേട്ടയാടുന്നു

പെരുമ്പാവൂര്‍: മയക്കുമരുന്ന് വില്‍പ്പനയെന്നാരോപിച്ച് സ്വകാര്യ ബസ് സ്റ്റാൻറിലും പരിസരത്തും ഉപജീവനം നടത്തുന്ന ഇതര സംസ്ഥാനക്കാരെ വേട്ടയാടുന്നു. ലഹരി വിരുദ്ധ സംഘടനയുടെ പേരിലാണ് വെറ്റിലയും അടക്കയും മാത്രം കച്ചവടം ചെയ്യുന്ന ഇതര സംസ്ഥാനക്കാരുടെ മേൽപോലും കുതിരകയറുന്നത്. ഞായറാഴ്ചകളില്‍ ഇവരുടെ കച്ചവട സാമഗ്രികള്‍ ഉള്‍പ്പടെ തകര്‍ത്ത് സാധനങ്ങള്‍ വാരിക്കൊണ്ട് പോകുകയാണ്. 30 വര്‍ഷമായി പി.പി റോഡിലെ കോലഞ്ചേരി കവലയില്‍ മുറുക്കാന്‍ കച്ചവടം നടത്തുന്ന ബിഹാര്‍ സ്വദേശി മുഹമ്മദ് നജീം, മസാല ചിപ്‌സ് കച്ചവടം ചെയ്യുന്ന കാഴ്ച വൈകല്യമുള്ള അസംകാരൻ അസദുല്‍ മദനി ഉള്‍പ്പടെ ഉള്ളവർ ഏതുനേരവും അക്രമിക്കപ്പെടുമെന്ന ആശങ്കയിലാണ്. പൊലീസും എക്‌സൈസും അറിയാതെ വാഹനങ്ങളിലെത്തി അതിക്രമം കാട്ടുന്ന ലഹരി വിരുദ്ധ സംഘടന അംഗങ്ങൾക്കെതിരെ വ്യാപാരികള്‍ സംഘടിച്ചിട്ടുണ്ട്. സ്വകാര്യ ബസ്റ്റാൻറ് സാമൂഹ്യ വിരുദ്ധരുടെ താവളമാണെന്ന് ആരോപണമുയരാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങി ഏറെ കഴിയും മുമ്പ് അടച്ചുപൂട്ടി. ഈ മുറി ഇപ്പോള്‍ ഒരു സംഘടന ഉപയോഗിക്കുകയാണ്. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പൊലീസ്, എക്‌സൈസ്, നഗരസഭ സംയുക്തമായി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടെത്താനായില്ല. ഇതര സംസ്ഥാന കച്ചവടക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെയും മയക്കുമരുന്നിനെതിരെയും അധികൃതരെ സമീപിക്കാന്‍ വ്യാപാരികളുടെ യോഗം തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.