ബിപിൻകുമാറിൻെറ ആലയത്തിൽ വളരുന്നു, പത്ത് കുതിരകൾ ബിപിൻകുമാറിൻെറ ആലയത്തിൽ വളരുന്നു, പത്ത് കുതിരകൾ പറവൂർ: കൗതുകക്കാഴ്ചയൊരുക്കി മുസ്രിസ് പൈതൃകവീഥികളും നാട്ടിടവഴികളും കീഴടക്കി കുതിരകൾ പായുന്നു. ജീവിതരീതി മനസ്സിലാക്കി പരിചരിച്ചാൽ കേരളത്തിലും കുതിര വാഴുമെന്ന് തെളിയിക്കുകയാണ് പറവൂരിൽ കുതിര റൈഡിങ്ങിലും ജമ്പിങ്ങിലും പരിശീലനം നൽകിവരുന്ന ബിപിൻകുമാർ. 12 വർഷം മുമ്പ് കേരളത്തിൽ കുതിരകളുടെ എണ്ണം വളരെക്കുറവായിരുന്നു. ഉണ്ടായിരുന്നത് സൈനിക കേന്ദ്രങ്ങളിലുമായിരുന്നു. നാട്ടുകാർക്ക് കുതിരകളെ നേരിട്ട് കാണാൻ കഴിഞ്ഞിരുന്നത് നഗരകേന്ദ്രങ്ങളിൽ തമ്പടിച്ചിരുന്ന സർക്കസ് കൂടാരങ്ങളിൽ മാത്രം. ഇന്ന് സ്ഥിതി മാറി. കുതിരകളുടെ എണ്ണത്തിൽ അയൽസംസ്ഥാനങ്ങളായ തമിഴ്നാടിനെയും കർണാടകത്തെയും കേരളം മറികടക്കുമെന്ന സ്ഥിതിയാണെന്ന് ബിപിൻകുമാർ പറയുന്നു. 33കാരനായ ബിപിൻ കൊടുങ്ങല്ലൂർ എൽതുരുത്ത് സ്വദേശിയാണ്. മണൽ വിപണനമായിരുന്നു തൊഴിൽ. ഉറ്റമിത്രമായിരുന്ന അമലിന് കുതിരയെ വാങ്ങണമെന്ന ആഗ്രഹത്തോടെയാണ് ഇയാൾക്ക് കുതിരഭ്രമം തോന്നിയത്. ബംഗളൂരിലെ ഹോഴ്സ് റൈസിങ് സൻെററിൽനിന്ന് ഏഴുവയസ്സുള്ള ഗോൾട്ടൺ എന്നുപേരുള്ള കുതിരയെ സ്വന്തമാക്കി. തറോ ബ്രീഡ് ഇനത്തിൽപ്പെട്ടതായിരുന്നു ഗോൾട്ടൺ. ബംഗളൂരു ജാക്ക്പോട്ടിലെ നമ്പർ വണ്ണായിരുന്നു ഗോൾട്ടൻ. അവിടെ ഏഴുവയസ്സ് വരെ മാത്രമേ നിർത്താറുള്ളൂ. പുറത്താക്കുന്നവയെ കൊന്നുകളയുകയാണ് പതിവ്. ഒന്നേകാൽ ലക്ഷം രൂപ നൽകിയാണ് വാങ്ങിയത്. എട്ട് മാസത്തോളം പരിചരിച്ചതോടെ കൂട്ടുകാരൻെറ കുതിരഭ്രമം തീർന്നു. അതോടെ സംരക്ഷണം ബിപിൻെറ ചുമലിലായി. മണൽവാരൽ നിരോധനം വന്നതോടെ മണൽഷട്ടർ അടച്ചുപൂട്ടിയ സമയമായിരുന്നു അത്. അതോടെ കുതിരയുമായി അടുത്തിടപഴകാൻ കൂടുതൽ സമയം കിട്ടി. ബിപിൻ സ്വയം പരിശീലകനായി മാറി. വളരെ നാളത്തെ ശ്രമംകൊണ്ടാണ് കുതിരപ്പുറത്ത് കയറാനായത്. വീട്ടുവളപ്പിൽനിന്ന് റോഡിലേക്കും തിരക്കേറിയ ടൗണിലേക്കും കുതിരപ്പുറത്ത് യാത്ര ആരംഭിച്ചു. കുതിര വരുതിയിലായതോടെ സവാരി വേഗത്തിലായി. നിരവധിപേർക്ക് കുതിര സവാരിയിൽ പരിശീലനം നൽകി. മാള പൂപ്പത്തിയിൽ പിതാവ് മകൾക്ക് 12ാം പിറന്നാൾ സമ്മാനമായി നൽകിയത് തൻെറ കൈയിൽനിന്ന് വാങ്ങിയ കുതിരയെയായിരുന്നു. കുട്ടിക്ക് സവാരിയിൽ പരിശീലനവും നൽകി. ആ ശിഷ്യയാണ് യൂട്യൂബിലൂടെ വൈറലായി മാറിയ കൃഷ്ണ. പറവൂരിൽ ചേതക് എന്നപേരിൽ റൈഡിങ് ക്ലബ് ആരംഭിച്ചതോടെ കുതിരകളുടെ എണ്ണവും കൂടി. രാജസ്ഥാനിലെ കുതിരച്ചന്തയിൽനിന്ന് സ്വന്തമാക്കിയ സോണിയ, വീര, റോക്കി, ഇമ്രാൻ, ദ്രോണ, പത്തുമാസം പ്രായമുള്ള സുൽത്താൻ വരെ 10 കുതിരകളുടെ ഉടമയാണ് ബിപിനിപ്പോൾ. പറവൂർ പെരുവാരത്ത് ലീസിനെടുത്ത രണ്ടര ഏക്കർ സ്ഥലത്താണ് റൈഡിങ് സൻെറർ പ്രവർത്തിക്കുന്നത്. ആറുമാസമാണ് പരിശീലന കാലാവധി. കോഴ്സ് പൂർത്തിയാകുമ്പോൾ സർട്ടിഫിക്കറ്റും നൽകും. സ്കൂൾ മാനേജ്മൻെറുകളുടെ ക്ഷണപ്രകാരം ചില സ്കൂളുകളിലും ആഴ്ചയിലൊരിക്കൽ കുതിര സവാരിയിൽ പരിശീലനവും ക്ലാസും നൽകിവരുന്നുണ്ട്. EP-PVR-kuthira- റൈഡിങ് സൻെററിൽ പരിശീലനം നൽകുന്ന ബിപിൻകുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.