നെട്ടൂർ: വളന്തകാട് ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്നമായ പാലം നിർമാണത്തിന് 5.47 കോടി രൂപയുടെ ഭരണാനുമതി. തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ മരട് നഗരസഭയിലുൾപെട്ട വളന്തകാട് ദ്വീപിലേക്ക് പാലം വേണമെന്ന ദ്വീപ് നിവാസികളുടെ ദീർഘകാലമായുള്ള ആവശ്യമാണ്. എം. സ്വരാജ് എം.എൽ.എ.യുടെ ആസ്തി വികസനഫണ്ടിൽനിന്ന് 5,46,73,000 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പാലം നിർമാണത്തിന് അഞ്ചുകോടി രൂപയുടെയും അപ്രോച്ച് റോഡ് നിർമിക്കുന്നതിന് 46.73 ലക്ഷം രൂപയുടെയും ഭരണാനുമതിയാണ് ലഭ്യമായത്. ദ്വീപിൽ താമസിക്കുന്ന 45 കുടുംബങ്ങൾക്കും ഇവിടുത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തെ ആശ്രയിക്കുന്ന മരട് നഗരസഭയിലെ 21, 22 ഡിവിഷനുകളിലെയും കുമ്പളം പഞ്ചായത്തിലെ ഉദയത്തുംവാതിൽ പ്രദേശത്തെ പൊതുജനങ്ങൾക്കും പാലം ഉപകാരപ്രദമാകും. നിലവിൽ വള്ളങ്ങളാണ് ദ്വീപിലുള്ളവരുടെ ആശ്രയം. ധനകാര്യ വകുപ്പിൻെറയും ചീഫ് ടെക്നിക്കൽ എക്സാമിനാറുടെയും വിശദ പരിശോധനക്കുശേഷമാണ് ഭരണാനുമതി ലഭ്യമായത്. 165 മീറ്റർ നീളവും മൂന്ന് മീറ്റർ വീതിയുമുള്ള സ്റ്റീൽ ലാറ്റിസ് പാലമാണ് കേരള ഇലക്ട്രിക്കൽ അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ് (കെൽ) മുഖേന നിർമിക്കുന്നത്. 18 മാസത്തിനകം നിർമാണം പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. മൂന്ന് മീറ്റർ വീതിയുള്ളതിനാൽ കാറുകൾക്കും പാലത്തിലൂടെ സഞ്ചരിക്കാം. ഭാവിയിൽ നടപ്പാകുന്ന വാട്ടർ മെട്രോയുടെ സർവിസുകൾ ഇതുവഴി നടത്തുന്നതിന് അനുയോജ്യതരത്തിൽ വെള്ളത്തിൻെറ നിരപ്പിൽനിന്ന് ഏഴുമീറ്റർ ഉയരത്തിലാണ് നിർമാണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.