ചെറായി പൂരപ്പറമ്പില്‍ ഉത്സവപ്പൊലിമയിൽ ആനയൂട്ട്

ചിത്രം (ep vyp aanayoott ftn) ചെറായി ഗൗരീശ്വര ക്ഷേത്ര മൈതാനിയില്‍ ഗജസേന ആനപ്രേമിസംഘം ഒരുക്കിയ ആനയൂട്ട് ചടങ്ങ്. വൈപ്പിന്‍: ജില്ലയില്‍ കൂടുതല്‍ ഗജവീരന്മാരെ എഴുന്നള്ളിക്കുന്ന, ചെറായിപ്പൂരത്തിലൂടെ പ്രശസ്തമായ ഗൗരീശ്വര ക്ഷേത്ര മൈതാനിയില്‍ ഗജസേന ആനപ്രേമിസംഘം ഒരുക്കിയ ആനയൂട്ടിന് ഉത്സവത്തിരക്ക്. മലയാള പഴനിയുടെ മുറ്റത്ത് അരങ്ങേറിയ ചടങ്ങ് വീക്ഷിക്കാന്‍ വിദേശ വിനോദ സഞ്ചാരികളടക്കം ആയിരങ്ങള്‍ എത്തി. ചെറായിയില്‍ രൂപംകൊണ്ട ആനപ്രേമികളുടെ കൂട്ടായ്മയായ ഗജസേന ആനപ്രേമി സംഘത്തിൻെറ ആഭിമുഖ്യത്തില്‍ 18 ഗജവീരന്മാരെ പങ്കെടുപ്പിച്ചുള്ള ആനയൂട്ടാണ് നടന്നത്. പുലർച്ച 5.30ന് തന്ത്രി പറവൂര്‍ രാകേഷ്, മേല്‍ശാന്തി എം.ജി. രാമചന്ദ്രന്‍ എന്നിവയുടെ മുഖ്യകാര്‍മികത്വത്തില്‍ 108 നാളികേരത്തിൻെറ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഗജപൂജയും ആനയൂട്ടും അരങ്ങേറി. 16 കൊമ്പനാനകള്‍ക്കൊപ്പം പിടിയാനയും കുട്ടിക്കൊമ്പനും പങ്കെടുത്തു. കേരളത്തിലെ തലയെടുപ്പുള്ള ഗജവീരന്മാരുടെ സംഗമം ഉത്സവലഹരിയിലാണ് ആയിരങ്ങൾ ആസ്വദിച്ചത്. രാത്രി ഒമ്പതുവരെ നീണ്ട ചടങ്ങ് ആനപ്രേമികളുടെ സംഗമവേദി കൂടിയായി. സംഘം പ്രസിഡൻറ് എ.ടി. ബിജു, സെക്രട്ടറി ശ്രീജിത്ത് സോമന്‍, ട്രഷറര്‍ ടി.ബി. പ്രമോദ്, ഭജേഷ് ഭരതന്‍, വി.പി. ദീപു എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃതം നൽകി. ആനയൂട്ട് ദിവസം രണ്ടുകോടി രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ, വൈദ്യസഹായം എന്നിവ ഒരുക്കിയിരുന്നതായി സംഘാടകര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.