ആലപ്പുഴ ബൈപാസ്: റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തി

ആലപ്പുഴ: ബൈപാസിലെ റെയിൽവേ ഓവർബ്രിഡ്ജ് നിർമാണവുമായി ബന്ധപ്പെട്ട് റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തി. സ്പാനുകൾ സ്ഥാപിക്കുന്നതിനുള്ള ഡിസൈൻ പരിശോധനയാണ് തിരുവനന്തപുരത്ത്നിന്നുള്ള ഉദ്യോഗസ്ഥർ നടത്തിയത്. ഇവരുടെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലാണ് റെയിൽവേ സാങ്കേതികവിഭാഗം അനുമതി നൽകുക. റെയിൽവേ ഓവർബ്രിഡ്ജ് നിർമിക്കാൻ സംസ്ഥാന സർക്കാർ ആറുകോടി രൂപ രണ്ടരമാസം മുമ്പ് നൽകിയിരുന്നു. 274 കോടിയുടെ ബൈപാസ് നിർമാണത്തിൽ റെയിൽവേ ഓവർബ്രിഡ്ജുകളുടെ പണി മാത്രമാണ് ബാക്കി. കൊമ്മാടി മുതൽ കളർകോട് വരെ 6.8 കിലോമീറ്ററാണ് ബൈപാസിനുള്ളത്. 2015 ഫെബ്രുവരിയിലാണ് നിർമാണം ആരംഭിച്ചത്. 3.3 കിലോമീറ്റർ എലിവേറ്റഡ് ഹൈവേയാണ്. ആലപ്പുഴ കടപ്പുറത്തിൻെറ സൗന്ദര്യം കുറയാതിരിക്കാനാണ് എലിവേറ്റഡ് ഹൈവേ നിർമിച്ചത്. 2.6 കിലോമീറ്റർ സർവിസ് റോഡുമുണ്ട്. ഹൈവേയുടെ ഇരുവശത്തും ചെറുവാഹനങ്ങൾക്കുള്ള 1.50 മീറ്റർ പേവ്ഡ് ഷോൾഡറോടുകൂടിയ പാതയാണ് നിർമിച്ചത്. ഇതിൽ രണ്ട് പ്രധാന കവലകളും നാല് ചെറിയ കവലകളും ഉൾപ്പെടുന്നു. നെഹ്റു ട്രോഫി: തുഴയെറിയുക 79 കളിവള്ളങ്ങൾ ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിൻെറ രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ ആകെ പങ്കെടുക്കുന്നത് 79 കളിവള്ളങ്ങൾ. ആഗസ്റ്റ് 10ന് ആലപ്പുഴ പുന്നമടക്കായലിൽ നടക്കുന്ന ജലമാമാങ്കത്തിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തത് 24 വള്ളമാണ്. ചുണ്ടൻ എ ഗ്രേഡ് ഇനത്തിൽ 20 വള്ളവും ബി വിഭാഗത്തിൽ നാല് വള്ളവുമുണ്ട്. ജലമേളയിൽ ഇത്തവണ 55 ചെറുവള്ളവും മാറ്റുരക്കും. ചുരുളൻ വിഭാഗത്തിൽ നാല് വള്ളം പങ്കെടുക്കുമ്പോൾ ഇരുട്ടുകുത്തി എ വിഭാഗത്തിൽ നാലും ഇരുട്ടുകുത്തി ബി വിഭാഗത്തിൽ 15 വള്ളവും സി വിഭാഗത്തിൽ 10 വള്ളവുമാണ് തുഴയെറിയുക. രജിസ്റ്റർ ചെയ്ത മറ്റ് കളിവള്ളങ്ങൾ: വെപ്പ് എ ഗ്രേഡ് -10, വെപ്പ് ബി -ആറ്, തെക്കനോടി (കെട്ട്) -മൂന്ന്, തെക്കനോടി (തറ) -മൂന്ന് എന്നിവയാണ്. ഹാർബർ ശാസ്ത്രീയമായി പുനർനിർമിക്കണം -സി.പി.ഐ ആലപ്പുഴ: തോട്ടപ്പള്ളി ഹാർബർ ശാസ്ത്രീയമായി പുനർനിർമിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ആവശ്യപ്പെട്ടു. കൊച്ചിക്കും നീണ്ടകരക്കും ഇടയിൽ മത്സ്യത്തൊഴിലാളികൾക്ക് ആശ്രയിക്കാവുന്ന ഹാർബറിൻെറ അശാസ്ത്രീയ നിർമാണം മൂലം ഒരു ഉപയോഗവുമില്ലാത്ത അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. ഹാർബറിൽനിന്ന് ഡ്രഡ്ജ് ചെയ്യുന്ന മണലിൻെറ ആദ്യാവകാശം പുറക്കാട് പഞ്ചായത്തിലെ ജനങ്ങൾക്ക് ഉറപ്പുവരുത്തണമെന്ന് ആഞ്ചലോസ് അഭ്യർഥിച്ചു. ഹാർബർ സന്ദർശിച്ച അദ്ദേഹം മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി ചർച്ച നടത്തി. മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ല ജനറൽ സെക്രട്ടറി വി.സി. മധു, പി. സുരേന്ദ്രൻ, എൻ.ബി. വിനോദ്, ഡി. ശാരങ്ഗധരൻ, ആർ. ഹരിദാസ്, ടി. രാമചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.