എച്ച്.എം.ടി ജങ്​ഷനിൽ ഗതാഗതക്കുരുക്ക്​ രൂക്ഷം

കളമശ്ശേരി: നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന എച്ച്.എം.ടി ജങ്ഷനിൽ വികസനം വഴിമുട്ടിയതിനാൽ ഗതാഗതക്കുരുക്ക് ര ൂക്ഷം. വികസനത്തിന് തടസ്സമായ അനധികൃത കടകൾ പൊളിച്ചുനീക്കുകയും തണൽമരങ്ങൾ വെട്ടിമാറ്റുകയും ചെയ്ത് മാസങ്ങൾ കഴിഞ്ഞിട്ടും പൊതുമരാമത്തും നഗരസഭ അധികൃതരും തുടർ പ്രവർത്തനം ചെയ്യുന്നില്ല. ഏറെക്കാലത്തെ ശക്തമായ ഇടപെടലുകൾക്ക് ഒടുവിലുമാണ് കടകൾ പൊളിച്ചുമാറ്റാൻ അധികൃതർ തയാറായത്. മുൻ സർക്കാറിൻെറ കാലത്ത് മണലിമുക്ക് മുതൽ എച്ച്.എം.ടി ജങ്ഷൻ വരെ വൈറ്റ് ടോപ് റോഡ് നിർമിച്ച് വൻ വികസനപദ്ധതികളാണ് ആവിഷ്കരിച്ചത്. എന്നാൽ, വൈറ്റ് ടോപ് നിർമാണം ജങ്ഷൻ സമീപം എത്തിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും മുന്നോട്ടുനീങ്ങിയില്ല. ദേശീയപാത എറണാകുളം, ആലുവ ഭാഗങ്ങളിൽനിന്നും എൻ.എ.ഡി, മെഡിക്കൽ കോളജ്, തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിൽനിന്നും വാഹനങ്ങൾ ഇവിടെ സംഗമിച്ച് കടന്നുപോകുന്നു. റോഡിന് വീതി കൂട്ടി ജങ്ഷൻ വികസിപ്പിച്ചാലെ ഗതാഗതക്കുരുക്കിന് പരിഹാരമാകൂ. ഇതിന് ദേശീയപാതയിൽനിന്ന് എച്ച്.എം.ടി ജങ്ഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ റെയിൽവേ മേൽപാലത്തിന് സമാന്തരമായി മറ്റൊരു പാലം നിർമിക്കണം. വികസനം ആവശ്യപ്പെട്ട് രാഷ്ട്രീയ, സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന ചിലർ അടുത്തിടെ വികസനസമിതി രൂപവത്കരിച്ച് പ്രവർത്തിച്ചെങ്കിലും പിന്നീട് നിഷ്ക്രിയമായി. ജങ്ഷൻ വികസനത്തിന് സ്ഥലപരിമിതി ചൂണ്ടിക്കാട്ടി സമീപത്തെ സർക്കാർ പോളിടെക്നിക് കോളജിൻെറ സ്ഥലം വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടത് അനുസരിച്ച് വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചിട്ടും തുടർ നടപടി സ്വീകരിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.