വ്യാജ ഫേസ്ബുക്ക് പോസ്​റ്റ്:​ കുന്നത്തുനാട് കോണ്‍ഗ്രസില്‍ വിവാദം

കോലഞ്ചേരി: ഡി.സി.സി സെക്രട്ടറിയെ പുറത്താക്കാന്‍ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് നിർമിച്ചെന്ന ആരോപണത്തെത്തുടർന്ന് കുന്നത്തുനാട് കോണ്‍ഗ്രസില്‍ വിവാദം. ഡി.സി.സി സെക്രട്ടറി ബി. ജയകുമാറിനെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാൻ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് നിർമിച്ചെന്നാണ് വിവാദം. കഴിഞ്ഞ ഡിസംബർ രണ്ടിനാണ് ജയകുമാറിൻെറ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് വി.പി. സജീന്ദ്രൻ എം.എൽ.എയെ അധിക്ഷേപിച്ചുള്ള പോസ്റ്റിൻെറ സ്ക്രീൻ ഷോട്ട് പ്രചരിച്ചത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജയകുമാര്‍ കുന്നത്തുനാട് പൊലീസിനെ സമീപിച്ചെങ്കിലും കേസെടുത്തില്ല. തുടർന്ന് കോലഞ്ചേരി കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. കേസില്‍ കോടതി നിർദേശപ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എം.എൽ.എയടക്കം 10 കോൺഗ്രസ് നേതാക്കളെയാണ് സാക്ഷികളാക്കിയത്. ഇവർ നൽകിയ മൊഴിയിൽ എം.എൽ.എയുടെ ഫോണിൽനിന്നാണ് പോസ്റ്റിൻെറ സ്ക്രീൻ ഷോട്ട് ലഭിച്ചതെന്ന് വ്യക്തമാക്കി. തുടർന്ന് മൊഴിയെടുക്കുന്നതിന് വി.പി. സജീന്ദ്രെന പൊലീസ് സമീപിച്ചെങ്കിലും നല്‍കിയില്ല. പുതുതായി ചുമതലയേറ്റ കുന്നത്തുനാട് സി.ഐയും ഇക്കാര്യത്തിന് അദ്ദേഹത്തെ സമീപിച്ചെങ്കിലും വഴങ്ങിയില്ല. ഇതിനിടെ, ജയകുമാറിനെ ഫേസ്ബുക്ക് പോസ്റ്റിൻെറ പേരിൽ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ സസ്പെൻഡ് ചെയ്തു. മൊഴിയെടുക്കാൻ എം.എൽ.എ നിസ്സഹകരിച്ചതോടെ പൊലീസ് അന്വേഷണവും വഴിമുട്ടി. സംഭവത്തിൽ വ്യക്തത വരുത്താൻ എം.എൽ.എയുടെ മൊഴി നിർണായകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.