പ്രളയം ബാധിച്ച വീടിൻെറ മേൽക്കൂര തകർന്നു; കുട്ടികളടക്കം അഞ്ചുപേർ രക്ഷപ്പെട്ടു ചെങ്ങന്നൂർ: ഞായറാഴ്ച രാത്രി പെയ ്ത ശക്തമായ മഴയിൽ വീട് തകർന്നു. അകത്തുണ്ടായിരുന്ന പിഞ്ചുകുട്ടികൾ അടക്കം അഞ്ചുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ വനവാതുക്കര ചക്കാലമൂലയിൽ വിജയൻെറ (65) വീടാണ് ഞായറാഴ്ച രാത്രി 11.30ഓടെ തകർന്നുവീണത്. ഓടുമേഞ്ഞ വീടിൻെറ രണ്ടു മുറിയുടെ മേൽക്കൂര പൂർണമായും നിലംപതിച്ചു. വിജയനും മകൻ വിനോദ്, ഭാര്യ മഞ്ജു, മക്കളായ അഭിനവ്, രണ്ടര വയസ്സുകാരി ശിവാനി എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. പ്രളയം ഏറെ ബാധിച്ച വീടിൻെറ ഒരുഭാഗം വശത്തേക്ക് ചരിഞ്ഞ് ഇരുത്തംവന്ന നിലയിലായിരുന്നു. കഴുക്കോലും പട്ടികയും ഭാഗികമായി ദ്രവിച്ച് ഏതുനിമിഷവും നിലംപൊത്താറായ വീട്ടിൽ ഭീതിയോടെയാണ് കുടുംബം അന്തിയുറങ്ങിയിരുന്നത്. സന്ധ്യമുതൽ പെയ്യുന്ന മഴയിൽ മുറിക്കുള്ളിൽ കഴിയുന്നത് സുരക്ഷിതമല്ല എന്ന് കരുതിയ കുടുബാംഗങ്ങൾ കുഞ്ഞുങ്ങളുമായി വീടിൻെറ മുൻവശത്ത് ഇറക്കിപ്പണിത ചായിപ്പിലാണ് ഞായറാഴ്ച അന്തിയുറങ്ങിയത്. രാത്രി 11.30ഓടെ ഉഗ്രശബ്ദം കേട്ട് ഞെട്ടിയുണർന്ന കുടുംബാംഗങ്ങൾ തകർന്നുവീണ മേൽക്കൂരയും വീട്ടുപകരണങ്ങളുമാണ് കാണുന്നത്. ബഹളംകേട്ട അയൽക്കാർ ഓടിക്കൂടി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. പ്രളയം സംഹാരതാണ്ഡവമാടിയ ഈ പ്രദേശത്ത് ഇവരുടെ വീട്ടിൽ മുറിക്കുള്ളിൽ എട്ട് അടിയോളം വെള്ളം ഉയർന്നിരുന്നു. ൈകയിൽ കിട്ടിയ സാധനങ്ങളുമായി തൊട്ടടുത്ത വീടിൻെറ ടെറസിലായിരുന്നു വൃദ്ധനായ വിജയനും കുടുംബവും കഴിഞ്ഞിരുന്നത്. പുനരധിവാസ കണക്കെടുപ്പിന് ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീടിൻെറ അവസ്ഥയെപ്പറ്റി അവരെ ധരിപ്പിച്ചിരുന്നു. പൂർണമായും വാസയോഗ്യമല്ലാതിരുന്നിട്ടും റീബിൽഡ് ആപ്പ് പദ്ധതിയനുസരിച്ച് 16 മുതൽ 29 ശതമാനം കേടുപാടുകൾ മാത്രമാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. അതനുസരിച്ച് അനുവദിച്ച 60,000 രൂപകൊണ്ട് ചുമരുകൾ തകർന്ന അടുക്കളയുടെ പണി മാത്രമാണ് പൂർത്തിയാക്കാൻ സാധിച്ചത്. കടംവാങ്ങി ബാക്കി പണികൂടി തുടങ്ങണം എന്നു വിചാരിച്ചിരിക്കുമ്പോഴാണ് വീട് നിലംപൊത്തിയത്. വിജയൻെറ പേരിലുള്ള ഒന്നരസൻെറ് സ്ഥലത്താണ് ഈ വീട് നിൽക്കുന്നത്. കാലവർഷം ശക്തമാകുന്നതോടെ അന്തിയുറങ്ങാൻ മറ്റൊരു മാർഗമില്ലാതെ വൃദ്ധനായ പിതാവിനെയും കുഞ്ഞുങ്ങളുമായി ഇനി എന്തു ചെയ്യുമെന്ന ആശങ്കയിലാണ് വിനോദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.