െകാച്ചി: പൊതുസ്ഥലങ്ങളിലെ അനധികൃത ഫ്ലക്‌സ് ബോർഡുകളും കൊടിതോരണങ്ങളും ബാനറുകളും സംബന്ധിച്ച് ജില്ല കലക്ടർമാർ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി. ഫ്ലക്‌സുകൾ നീക്കം ചെയ്യണമെന്ന് പലവട്ടം കോടതി ഉത്തരവുണ്ടായിട്ടും നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കതിരെ കർശന നടപടി വേണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. തങ്ങളുടെ അധികാരപരിധിയിെല അനധികൃത ബോർഡുകൾ സംബന്ധിച്ച് കലക്ടർമാർ സർേവ നടത്തി മൂന്നാഴ്ചക്കകം തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകണം. ഈ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിൽ അനധികൃത ബോർഡുകൾ നീക്കം ചെയ്യാത്ത തദ്ദേശ സ്വയംഭരണ സെക്രട്ടറിമാർ, ഫീൽഡ് സ്റ്റാഫ് എന്നിവർക്കെതിരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി പ്രിൻസിപ്പൽ സെക്രട്ടറി കോടതിയിൽ സത്യവാങ്മൂലം നൽകണം. അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചവർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും അതിന്മേലുള്ള തുടർ നടപടികൾ സംബന്ധിച്ചും സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. തിങ്കളാഴ്ച കേസ് പരിഗണിക്കവേ അനധികൃത ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കപ്പെട്ട മൂത്തകുന്നം ജങ്ഷൻ, ഗോതുരുത്ത് പാലം, ഉദയംപേരൂർ മാങ്കായി കവല, കൊട്ടാരം ജങ്ഷൻ, അയ്യപ്പൻകാവ് എന്നിവിടങ്ങളിലെ ഫീൽഡ് ഓഫിസർമാർ കോടതിയിൽ ഹാജരായി. ഇവർക്കെതിരെ നടപടി വേണമെന്ന് അഭിപ്രായപ്പെട്ട കോടതി കേസ് പരിഗണിക്കുന്ന അടുത്തദിവസവും ഹാജരാകാൻ നിർദേശിച്ചു. അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് നീക്കം ചെയ്യാനെത്തിയ കോട്ടയം നഗരസഭ സെക്രട്ടറി ആക്രമണത്തിന് ഇരയായെന്ന പരാതിയിൽ സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ അനധികൃതമായി ഫ്ലക്‌സ് ബോർഡുകളും കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഫെബ്രുവരി 26ന് െഹെകോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് കർശനമായി നടപ്പാക്കാനാണ് നിർദേശം. ആലപ്പുഴ കറ്റാനത്ത് ക്രിസ്ത്യൻ പള്ളിക്ക് മുന്നിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡ് നീക്കം ചെയ്യാത്തത് സംബന്ധിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 2018 ജൂലൈ 27ന് കേസ് പരിഗണിച്ചശേഷം ഇതുവരെ 12 ഇടക്കാല ഉത്തരവുകൾ ഇറക്കിയതായി കോടതി ചൂണ്ടിക്കാട്ടി. ലക്ഷക്കണക്കിന് ബോർഡുകൾ എടുത്തുമാറ്റിയെങ്കിലും പുതിയ ബോർഡുകൾ പ്രത്യക്ഷപ്പെടുകയാണ്. ഉദ്യോഗസ്ഥർ പരാജയപ്പെട്ടതിനാലാണ് ഇത് സംഭവിക്കുന്നത്. ഇത് ഇനിയും അനുവദിക്കാനാവില്ലെന്ന് കോടതി പറഞ്ഞു. പരീക്ഷകളിൽ ഉന്നതവിജയം നേടുന്ന വിദ്യാർഥികളെ അനുമോദിച്ച് വിവിധ രാഷ്ട്രീയ സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും ബോർഡുകൾ സ്ഥാപിക്കുന്നതായി കേസിലെ അമിക്കസ്ക്യൂറി അറിയിച്ചപ്പോൾ നിയമവിരുദ്ധ പ്രവർത്തനത്തിന് ഭാവിതലമുറയെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് കേസ് ജൂലൈ 17ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.