കൊച്ചി: ചിലവന്നൂർ കായൽത്തീരത്തെ കൈയേറ്റങ്ങളെക്കുറിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് ൈഹകോടതി. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ കേരള തീരദേശ പരിപാലന അതോറിറ്റിക്കും എറണാകുളം കലക്ടർക്കും നിർദേശം നൽകി. ചിലവന്നൂർ കായൽത്തീരത്ത് വൻതോതിൽ കൈയേറ്റം നടക്കുന്നുണ്ടെന്നും ഇത് കണ്ടെത്താൻ സർവേ ടീമിനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് കടവന്ത്ര സ്വദേശി ചെഷയർ ടാർസൻ നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. മാലിന്യങ്ങളും മറ്റും തള്ളി കായൽ നികത്തിയും തീരം കൈയേറിയും നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതായും അധികൃതർക്ക് നിവേദനങ്ങൾ നൽകിയിട്ടും നടപടിയില്ലെന്നും ഹരജിയിൽ പറയുന്നു. പരിസ്ഥിതിക്ക് ഗുരുതര ഭീഷണിയായ ഇത്തരം കൈയേറ്റങ്ങളെക്കുറിച്ച ശാസ്ത്രീയ പഠനറിപ്പോർട്ടുകൾ സർക്കാറിൻെറ കൈവശമുണ്ടെന്നതുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് നിവേദനം നൽകിയത്. പഴയ സർവേ രേഖകൾ, റീസർവേ രേഖകൾ, സാറ്റലൈറ്റ് മാപ്പിങ് എന്നിവയുടെ സഹായത്തോടെ കൈയേറ്റം കണ്ടെത്തി ഒഴിപ്പിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.