കാഞ്ചനയുടെ വിയോഗം കലാകേരളത്തിന്​ നഷ്​ടം

ആലപ്പുഴ: നീണ്ട നാലരപ്പതിറ്റാണ്ടിൻെറ ഇടവേളക്കുശേഷം ശതാഭിഷിക്ത വേളയിൽ സിനിമയിലേക്ക് മടങ്ങിവന്ന അഭിന േത്രി കാഞ്ചനയുടെ ദേഹവിയോഗം കലാകേരളത്തിന് തീരാനഷ്ടമായി. സംസ്ഥാന പുരസ്കാരം നേടിയ ആലപ്പുഴ പട്ടണക്കാട് സ്വദേശിയായ കാഞ്ചന നാടകവേദിയിൽനിന്നാണ് സിനിമയിലെത്തിയത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ നാടകവേദികളിലൂടെയാണ് കുട്ടിക്കാലത്തുതന്നെ അഭിനയം തുടങ്ങിയത്. പുന്നശേരി കാഞ്ചന എന്ന പേരിൽ നാടകരംഗത്ത് സജീവമായി. നാടകരംഗത്തുനിന്നുള്ള പരിചയമാണ് പിന്നീട് കുണ്ടറ ഭാസിയുമായുള്ള വിവാഹബന്ധത്തിൽ എത്തിച്ചേർന്നത്. തുടർന്ന് കുടുംബജീവിതത്തിനായി അഭിനയരംഗം വിട്ടു. 'ഇണപ്രാവുകൾ' സിനിമയുടെ 50ാം വാർഷികാഘോഷച്ചടങ്ങുകളുടെ പത്രകട്ടിങ്ങ് കണ്ടിട്ടാണ് 'ഓലപ്പീപ്പി'യുടെ സംവിധായകൻ ക്രിഷ് കൈമൾ കാഞ്ചനയെ 84ാം വയസ്സിൽ സിനിമയിലേക്ക് ക്ഷണിക്കുന്നത്. തൻെറ പ്രായത്തിന് ചേർന്ന കഥാപാത്രമായതിനാൽ അവർ സമ്മതം മൂളി. പട്ടണക്കാട് മഹാദേവക്ഷേത്രത്തിന് കിഴക്കുവശത്തെ പുന്നശ്ശേരിയെന്ന ചെറുവീട്ടിലെ ഏകാന്ത ജീവിതത്തിനിടയിലാണ് സംസ്ഥാന പുരസ്കാരം കാഞ്ചനയമ്മയെ തേടിയെത്തിയത്. ഭർത്താവ് കുണ്ടറ ഭാസി 1980ൽ മരിച്ചു. ഇരുവരും ചേർന്ന് അഭിനയിച്ച ധാരാളം നാടകങ്ങളും സിനിമകളുമുണ്ട്. ആലപ്പുഴയിലെ ട്രൂപ്പിലൂടെ പ്രഫഷനല്‍ നാടകരംഗത്തേക്ക് കടന്ന കാഞ്ചന പിന്നെ ചങ്ങനാശ്ശേരി ഗീഥ, കലാനിലയത്തിൻെറ സ്ഥിരം നാടകവേദി എന്നിവയിലെത്തി. അന്ന് ഓച്ചിറ വേലുക്കുട്ടിക്കൊപ്പവും ജോസ് പ്രകാശിനൊപ്പവുമെല്ലാം നാടകത്തില്‍ അഭിനയിച്ചു. സംവിധായകൻ പി.എ. തോമസാണ് സിനിമയിലേക്ക് കൊണ്ടുവന്നത്. കോയമ്പത്തൂര്‍ പഞ്ചിരാജ സ്റ്റുഡിയോയുടെ പ്രസന്ന എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യ ചുവടുവെപ്പ്. മൂത്തമകന്‍ പ്രദീപ് ജീവിച്ചിരിപ്പില്ല. ഇളയമകന്‍ പ്രേംലാല്‍ ഗള്‍ഫിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.