സി.പി.എമ്മും കോൺഗ്രസും ശ്രമിച്ചത് വിദ്വേഷത്തിൻെറ വലവിരിക്കാൻ -പി.എസ്. ശ്രീധരൻ പിള്ള കൊച്ചി: ന്യൂനപക്ഷങ്ങളുടെ വിശ്വാസം ആർജിക്കാനെന്ന പേരിൽ സി.പി.എമ്മും കോൺഗ്രസും കേരളത്തിൽ വിദ്വേഷത്തിൻെറ വലവിരിക്കാനാണ് ശ്രമിച്ചതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻ പിള്ള. ശ്രീലങ്കയിൽ നടന്ന ഭീകരാക്രമണത്തിനെതിരെ ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച ദിവ്യബലിയും 24 മണിക്കൂർ ഉപവാസവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്വേഷത്തിൻെറ വിത്തെറിഞ്ഞത് സി.പി.എം ആണെങ്കിലും അതിൻെറ ഫലം കൊയ്തത് കോൺഗ്രസാണ്. സി.പി.എമ്മിൻെറയും കോൺഗ്രസിൻെറയും ഈ ദുഷ്പ്രവൃത്തി മതസൗഹാർദത്തിൻെറ വെളിച്ചത്തെ തല്ലിത്തകർത്തു. നരേന്ദ്ര മോദി അധികാരമേൽക്കുന്നത് രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രധാനമന്ത്രിയായിട്ടാണ്. മോദി അധികാരത്തിലെത്താതിരിക്കാൻ ഇടയലേഖനംവരെ ഇറക്കി. എങ്കിലും ആർക്കും ഒരാശങ്കയും വേണ്ട. എല്ലാവരെയും തുല്യമായി കാണുന്ന, എല്ലാപേർക്കും തുല്യനീതി ഉറപ്പാക്കുന്ന പ്രധാനമന്ത്രി ആയിരിക്കും നരേന്ദ്ര മോദി. ഭീകരവാദം ഇന്ത്യയുൾപ്പെടെ രാജ്യങ്ങളിൽ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. അതിന് ഒരുമതത്തെയും പ്രതിക്കൂട്ടിൽ നിർത്തുന്നത് ശരിയല്ല. ഒരുമതവും ഭീകരവാദത്തെ വളർത്തുമെന്ന് താൻ കരുതുന്നില്ല. ശ്രീലങ്കയിൽ നടന്നത് അതിദാരുണ സംഭവമാണ്. കേരളവും ഇപ്പോൾ അതിൻെറ ഭീഷണി നേരിടുന്നു. എന്നിട്ടും സംസ്ഥാനം ഭരിക്കുന്ന പാർട്ടി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മോർച്ച സംസ്ഥാന പ്രസിഡൻറ് നോബിൾ മാത്യു അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ.കെ. മോഹൻദാസ്, ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി കെ.വി. സാബു, ജില്ല സെക്രട്ടറി കെ.എസ്. ഷൈജു, കെ.എസ്. രാധാകൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു. ഉപവാസത്തിൻെറ ഭാഗമായി മെഴുകുതിരി പ്രദക്ഷിണവും സംഘടിപ്പിച്ചു. ഉപവാസം വ്യാഴാഴ്ച ഉച്ചക്ക് സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.