പ്രളയക്കെടുതി: അപേക്ഷിക്കാൻ കൂടുതൽ സമയം പറവൂരിലെ ദുരിതബാധിതർക്ക് പ്രതീക്ഷ

പറവൂർ: പ്രളയത്തെത്തുടർന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടും യഥാസമയം അപേക്ഷ നൽകാൻ കഴിയാതെ സഹായധനം നിഷേധിക് കപ്പെട്ടവർക്ക് കൂടുതൽ സമയം അനുവദിക്കുമെന്ന പ്രഖ്യാപനം പറവൂരിലെ പ്രളയ ദുരിതബാധിതർക്ക് പ്രതീക്ഷയേകുന്നു. വൈപ്പിൻ എം.എൽ.എ എസ്. ശർമ നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധ ക്ഷണിക്കലിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രളയം വലിയ തോതിൽ ബാധിച്ച താലൂക്കാണ് പറവൂർ. കുന്നുകര, പുത്തൻവേലിക്കര, ചേന്ദമംഗലം, ചിറ്റാറ്റുകര, വടക്കേക്കര പഞ്ചായത്തുകളുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിലായി. ആയുഷ്കാല സമ്പാദ്യം പ്രളയമെടുത്തവർ നിരവധിയാണ്. ക്ഷീരകർഷകർക്ക് ചത്ത പശു ഒന്നിന് 30,000 രൂപ വീതം പരമാവധി 90,000 രൂപയും കൈത്തറി മേഖലയിലുള്ളവർക്കുമാണ് സർക്കാറിൽനിന്ന് സഹായം ലഭിച്ചത്. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ച ചെറുകിട കച്ചവടക്കാർക്ക് ഒരുരൂപപോലും ലഭിച്ചില്ല. പറവൂർ നിയോജക മണ്ഡലത്തിൽ വി.ഡി. സതീശൻ എം.എൽ.എ മുൻകൈയെടുത്ത് വിവിധ സന്നദ്ധ സംഘടനകളുെടയും ഉദാരമതികളുെടയും സഹായത്താൽ തയ്യൽ മെഷീൻ അടക്കം തൊഴിലുപകരണങ്ങൾ നൽകിവരുന്നുണ്ട്. നിരവധി പേർക്ക് വീടുകളും നിർമിച്ചുനൽകുന്നു. ഇതാണ് ജനങ്ങൾക്കുള്ള ആശ്വാസം. യഥാസമയം അപേക്ഷ നൽകിയില്ലെന്ന കാരണത്താൽ സഹായം നിഷേധിക്കപ്പെട്ടവർ ആയിരത്തിലേറെയുണ്ട്. സർക്കാർ അനുമതിയില്ലെന്ന കാരണത്താൽ ഇവരുടെ അപേക്ഷകൾ പഞ്ചായത്തിലോ വില്ലേജിലോ താലൂക്കിലോ സ്വീകരിക്കുന്നുണ്ടായിരുന്നില്ല. പ്രളയബാധിതരോടുള്ള അവഗണനക്കെതിരെ പുത്തൻവേലിക്കര, ചിറ്റാറ്റുകര പഞ്ചായത്തുകളിൽ സമരങ്ങൾ നടന്നിരുന്നു. സർക്കാർ സഹായത്തിന് അർഹതയുള്ളവർക്ക് അപേക്ഷിക്കാൻ അവസരം നൽകുമെന്ന സർക്കാർ നിലപാട് സ്വാഗതം ചെയ്യുന്നതായി ചിറ്റാറ്റുകര പ്രളയാനന്തര അവകാശ സംരക്ഷണവേദി കൺവീനർ കെ.കെ. അബ്ദുല്ല പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് സംരക്ഷണവേദി വടക്കേക്കര വില്ലേജ് ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. പഞ്ചായത്ത് നൽകിയ പട്ടികയിൽനിന്ന് ഏകപക്ഷീയമായി വെട്ടിമാറ്റിയവരെ പ്രത്യേകം പരിഗണിക്കണം. മിനിമം ധനസഹായം 60,000 രൂപയായി ഉയർത്തണം. പ്രളയബാധിതർക്കുള്ള സഹായം ലഭ്യമാക്കാൻ വേദിയുടെ പ്രവർത്തനം ഊർജിതമാക്കുമെന്നും അബ്ദുല്ല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.